ഡിസംബറിന്റെ താരമാകാൻ ബുംറ
Wednesday, January 8, 2025 1:46 AM IST
ദുബായ്: 2024 ഡിസംബറിലെ ഐസിസി പുരുഷ ടെസ്റ്റ് പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരത്തിനുള്ള കളിക്കാരുടെ പട്ടികയിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഇടം പിടിച്ചു.
ഓസ്ട്രേലിയയ്ക്കെതിരേ അവസാനിച്ച ബോർഡർ-ഗാവസ്കർ ട്രോഫിയിൽ നടത്തിയ മിന്നും പ്രകടനമാണ് ബുംറയെ പട്ടികയിൽ ഉൾപ്പെടാൻ സഹായിച്ചത്.
ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന മൂന്നു ടെസ്റ്റിൽനിന്ന് 14.22 ശരാശരിയിൽ 22 വിക്കറ്റ് ബുംറ സ്വന്തമാക്കി. പരന്പരയിൽ ആകെ 32 വിക്കറ്റ് ഇന്ത്യൻ താരം നേടി.
ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൻ പീറ്റേഴ്സണ് എന്നിവരാണ് പട്ടികയിലെ മറ്റു കളിക്കാർ.