ഇന്ത്യ പൊട്ടി
Tuesday, September 10, 2024 12:00 AM IST
ഹൈദരാബാദ്: ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിലെ അവസാന മത്സരത്തിൽ സിറിയയ്ക്കു മുന്നിൽ ഇന്ത്യക്കു ദയനീയ തോൽവി. മറുപടിയില്ലാത്ത മൂന്നു ഗോളിന് ഇന്ത്യ പരാജയപ്പെട്ടു.
ഏഴാം മിനിറ്റിൽ മുഹമ്മദ് അൽ അസ്വാദിന്റെ ഗോളിൽ സിറിയ ലീഡ് നേടി. ആദ്യപകുതി പിന്നീടു ഗോൾ വഴങ്ങാൻ ഇന്ത്യ കൂട്ടാക്കിയില്ല. എന്നാൽ, ഇറാൻഡസ്റ്റ് (76’), പാബ്ലൊ സബാഗ് (90+6’) എന്നിവരുടെ ഗോളുകളിലൂടെ സിറിയ 3-0ന്റെ ജയമാഘോഷിച്ചു.
ജയത്തോടെ സിറിയ ഇന്റർകോണ്ടിനെന്റൽ കപ്പ് ചാന്പ്യന്മാരായി. രണ്ടു മത്സരങ്ങളിലും സിറിയ ജയിച്ചു. മൗറീഷ്യസുമായി സമനിലയിൽ പിരിഞ്ഞ ഇന്ത്യക്ക് ഒരു പോയിന്റുണ്ട്. ഗോൾ വ്യത്യാസത്തിൽ ഏറ്റവും പിന്നിലാണ് മാനോലോ മാർക്വേസിന്റെ ഇന്ത്യ ഫിനിഷ് ചെയ്തത്.