മൊറോക്കോ... ഫിഫ അണ്ടർ-20 ലോക കപ്പ് ചാന്പ്യൻമാർ
Tuesday, October 21, 2025 1:36 AM IST
സാന്റിയാഗോ: അണ്ടർ-20 ലോകകപ്പ് ഫുട്ബോൾ കിരീടം മൊറോക്കോയ്ക്ക് സ്വന്തം. ചിലിയിലെ സാന്റിയാഗോയിൽ നടന്ന ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മൊറോക്കോ കപ്പുയർത്തിയത്. ചരിത്രത്തിലാദ്യമായാണ് മൊറോക്കോ അണ്ടർ-20 ലോകകപ്പ് നേടുന്നത്.
യാസിർ സാബിരിയുടെ ഇരട്ട ഗോളുകളാണ് മൊറോക്കോയ്ക്ക് ചരിത്ര കപ്പ് സമ്മാനിച്ചത്. മത്സരത്തിന്റെ 12-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 29-ാം മിനിറ്റിൽ ഒത്്മാൻ മാമയിൽനിന്ന് ലഭിച്ച പാസ് ഗോളാക്കി മാറ്റിയുമായിരുന്നു സാബിരി ഫൈനലിലെ താരമായത്.
ജയത്തോടെ 2009ൽ ഘാനയ്ക്കു ശേഷം അണ്ടർ-20 ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടവും മൊറോക്കോ സ്വന്തമാക്കി.