സംസ്ഥാന കായികമേളയ്ക്ക് തിരുവനന്തപുരത്ത് ഇന്നു തുടക്കം
Tuesday, October 21, 2025 1:36 AM IST
തോമസ് വര്‍ഗീസ്
തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങുന്ന തുലാമഴയ്ക്കും തകർക്കാനാവാത്ത പോരാട്ടവീര്യവുമായി കൗമാര കായികലോകം കേരളത്തിന്റെ തെക്കേ അറ്റത്തേക്ക് ഒഴുകിയെത്തുമ്പോള്‍ അനന്തപുരിയുടെ മണ്ണ് ഇനിയുള്ള ദിനങ്ങളില്‍ കായികകേരളത്തിന്റെയും തലസ്ഥാനം.
പോരാട്ടം തീപാറുമ്പോള്‍, പുത്തന്‍ താരോദയ പിറവിക്ക് പത്മനാഭന്റെ മണ്ണ് സാക്ഷ്യംവഹിക്കും. സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ കായിക മത്സരങ്ങളിലും പൊതുവിഭാഗത്തിലെ ഗെയിംസിലും അത്ലറ്റിക്സിലുമായി ഇരുപതിനായിരത്തോളം കായികതാരങ്ങളാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പോരാട്ടത്തിന് അണിനിരക്കുന്നത്.
ഗെയിംസ് ഇനങ്ങളും അത്ലറ്റിക് ഇനങ്ങളും ചേര്‍ത്ത് ഓവറോള്‍ ചാമ്പ്യന്‍ ജില്ലകളെ പ്രഖ്യാപിക്കുന്ന രീതി ആദ്യമായി നടപ്പാക്കിയ കഴിഞ്ഞ വര്‍ഷം 227 സ്വര്‍ണവും 150 വെള്ളിയും 164 വെങ്കലവും ഉള്‍പ്പെടെ 1935 പോയിന്റുമായി തിരുവനന്തപുരമായിരുന്നു ചാമ്പ്യന്മാര്.
കോരുത്തോട് മുതല്‍ മലപ്പുറംവരെ
സ്കൂള്‍ മീറ്റെന്നാല്‍ അതിന്റെ സകല പോരാട്ട ആവേശവും എത്തുന്നത് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലാണ്. കേരള സ്കൂള്‍ കായികരംഗത്ത് പോരാട്ടത്തിന് ആവേശകരമായ തുടക്കമിട്ടവരില്‍ പ്രധാനികള്‍ കോട്ടയം കോരുത്തോട് സികെഎംഎച്ച്എസ് സ്കൂളും കെ.പി. തോമസ് മാഷുമാണ്. 1979ല്‍ പട്ടാളത്തില്‍നിന്നും വിരമിച്ച് അതേവര്‍ഷം കോരുത്തോട് സ്കൂളിലെ കായികാധ്യാപകനായി ജോലിയില്‍ പ്രവേശിച്ച തോമസ് മാഷിന്റെ അശ്വമേധമായിരുന്നു ഒരുകാലത്ത്.
1986-87 സംസ്ഥാന സ്കൂള്‍ മീറ്റില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ചാമ്പ്യനായപ്പോള്‍ അതില്‍ പ്രധാന പങ്ക് തോമസ് മാഷിനും കോരുത്തോടിന്റെ കുട്ടികള്‍ക്കുമായിരുന്നു. ഇടയ്ക്ക് ചാമ്പ്യന്‍പട്ടം പാലാ വിദ്യാഭ്യാസ ജില്ലയിലേക്ക് മാറിയെങ്കിലും 1990-ല്‍ ചാലക്കുടി മീറ്റില്‍ കാഞ്ഞിരപ്പള്ളി വീണ്ടും വെന്നിക്കൊടി പാറിച്ചു പതിറ്റാണ്ടുകളോളം ചാമ്പ്യന്‍ സ്കൂള്‍ എന്ന ഖ്യാതി കോരുത്തോടിനു മാത്രമായിരുന്നു.
അഞ്ജു കെ. മര്‍ക്കോസ്, ജിന്‍സി ഫിലിപ്, സി.എസ്. മുരളീധരന് തുടങ്ങിയ നിരവധിപ്പേര്‍ കോരുത്തോട്ടിലൂടെ വളര്‍ന്ന് രാജ്യാന്തര മെഡല്‍ നേട്ടത്തിന് ഉടമകളായി. 2003ല്‍ കോരുത്തോടിനു തടയിട്ട് കോതമംഗലം സെന്റ് ജോര്‍ജിന്റെ കുതിപ്പിനാണ് കായികകേരളം സാക്ഷ്യംവഹിച്ചത്. തുടര്‍ച്ചയായി 2008 വരെയും പിന്നീട് 2012, 13, 14, 15, 18 വര്‍ഷങ്ങളിലും കിരീടം സെന്റ് ജോര്‍ജിനു സ്വന്തമായിരുന്നു.
രാജു പോള്‍ എന്ന കായികാധ്യാപകന്റെ കൈപിടിച്ചായിരുന്നു സെന്റ് ജോര്‍ജിന്റെ കുതിപ്പ്. കോതമംഗലം മാര്‍ ബേസില്‍ 2009-ല്‍ ആദ്യമായി സ്കൂള്‍ മീറ്റില്‍ ചാമ്പ്യന്‍ സ്കൂളായി. തുടര്‍ന്ന് നിരവധി തവണ ചാമ്പ്യന്‍പട്ടം മാര്‍ ബേസിലിനെ തേടിയെത്തി. പാലക്കാടന്‍ കരുത്തുമായി കല്ലടി എച്ച്എസ് കുമരംപുത്തൂര്‍ അടുത്തകാലത്ത് ശക്തമായ മത്സരം കാഴ്ചവച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ കല്ലടിയുടെ ശക്തി എറണാകുളത്ത് ഉണ്ടായില്ല.
പറളിയും മുണ്ടൂരുമെല്ലാം പാലക്കാടിന് മെഡല്‍ സമ്മാനിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നിന്നു. കഴിഞ്ഞ തവണ ജനറല്‍ സ്കൂള്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് സ്വന്തമാക്കിയത് ഐഡിയല്‍ കടകശേരിയാണ്. എട്ടു സ്വര്‍ണവും 11 വെള്ളിയും ഏഴു വെങ്കലവുമായി 80 പോയിന്റാണ് ഐഡിയല്‍ സ്വന്തമാക്കിയത്. ഇവരുടെ ശക്തിയില്‍ അത്ലറ്റിക്സില് മലപ്പുറം ഒന്നാമതെത്തി. സ്കൂള്‍ മീറ്റിലെന്നും ആവേശം വിതറുന്നത് ജനറല്‍ സ്കൂളുകളാണ്.
ലോക സ്കൂള്‍ കായികമേളയില്‍ വരെ കേരള താരങ്ങള്‍ മെഡല്‍ കൊയ്ത്ത് നടത്തിയപ്പോള്‍ ഓരോ മലയാളിയും അഭിമാനിച്ചു. ആ ഓര്മകള്ക്കിടിയിലാണ് വീണ്ടും അനന്തപത്മനാഭന്റെ മണ്ണില്‍ പോരാട്ടത്തിനായി താരങ്ങളെത്തുന്നത്. ആവേശ മത്സരങ്ങള്‍ക്കായി സ്റ്റാര്‍ട്ട് വിസില്‍ മുഴങ്ങട്ടെ...
കായികതാരങ്ങള്‍ സംസ്ഥാനത്തിന്റെ സ്വത്താണ്, സംരക്ഷിക്കണം
പത്മിനി സെല്വന്
കുഞ്ഞുനാളില്‍ കരിപ്പൂത്തട്ട് ഗവണ്മെന്റ് സ്കൂളിനു സമീപത്തുള്ള റോഡില്‍ തുടങ്ങിയ പരിശീലനം. അവിടെ തുടങ്ങി പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറത്ത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍കൊയ്ത്ത് നടത്തി ഇന്ത്യന്‍ പതാക കൈകളിലേന്തിയത് അഭിമാനനിമിഷം. ആ ഓര്‍മകള്‍ ഇന്നും മനസില്‍ തിരയിളക്കം സമ്മാനിക്കുന്നു. കോട്ടയം ജില്ലയിലെ അയ്മനത്താണ് ജനിച്ചത്.
വല്യാട് ഗവണ്മെന്റ് യുപി സ്കൂളിലായിരുന്നു രണ്ടാം ക്ലാസ് വരെ പഠനം. മൂന്നാം ക്ലാസ് ആയപ്പോള്‍ കരിപ്പൂത്തട്ട് സര്‍ക്കാര്‍ സ്കൂളിലേക്ക് മാറി. മൂന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ കരിപ്പൂത്തട്ട് സ്കൂളില്‍ പഠിച്ചിരുന്ന കാലത്താണ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്. ലീലാമ്മടീച്ചറും പണിക്കര്‍ സാറുമായിരുന്നു ആദ്യമായി കായികരംഗത്തേക്കു കടന്നുവരുന്നതിനു കൂടുതല്‍ പ്രോത്സാഹനം നല്‍കിയത്.
എട്ടാം ക്ലാസായപ്പോള്‍ മെഡിക്കല്‍ കോളജ് സ്കൂളില്‍ ചേര്‍ത്തു. അന്നത്തെ പിടി അധ്യാപകനായിരുന്ന കെ.വി. ആന്റണി സാര്‍ ഏറെ പ്രോത്സാഹനം നല്കി. 100, 200, ലോംഗ് ജംപ് എന്നിവയില്‍ ജില്ലാ തലത്തില്‍ മെഡല്‍ നേടി. തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 100, 200, 4x100 റിലേ എന്നിവയില്‍ സുവര്‍ണനേട്ടത്തോടെ വ്യക്തിഗത ചാമ്പ്യനുമായി. ആ വര്‍ഷം പഞ്ചാബില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുത്തു.
മരം കോച്ചുന്ന തണുപ്പില്‍ കേരള താരങ്ങള്‍ ട്രാക്കിലിറങ്ങിയപ്പോള്‍ വിറങ്ങലിച്ചു നില്ക്കുന്ന സ്ഥിതിയായിരുന്നു. മെഡല്‍ നേടാന്‍ കഴിഞ്ഞില്ല. പഞ്ചാബിലേക്ക് ഒരു ബോഗി നിറയെ കായികതാരങ്ങള്‍ യാത്ര ചെയ്യുന്നതും യാത്രയ്ക്കിടെ അപ്പര്‍ ബര്‍ത്തില്‍ നിന്നും താഴേക്കു വീണതുമെല്ലാം ഓര്‍മയില്‍ നിറയുന്നു. എന്നാല്‍, അതേവര്‍ഷം തന്നെ പാലായില്‍ നടന്ന ദേശീയ മീറ്റില്‍ മെഡല്‍ സ്വന്തമാക്കി.
അടിസ്ഥാനസൗകര്യങ്ങളില്‍ രാജ്യത്തിന്റെ പല സംസ്ഥാനങ്ങളും ഏറെ മുന്നേറി. എന്നാല്‍, നമ്മുടെ കുട്ടികളില്‍ പലര്‍ക്കും വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നതാണ് വസ്തുത. കായികതാരങ്ങള്‍ സംസ്ഥാനത്തിന്റെ സ്വത്താണ്; അവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
കുത്തക തിരിച്ചുപിടിക്കണം
കേരള സ്കൂള്‍ കായികരംഗം തളര്‍ച്ചയുടെ പാതയിലാണ്. ഒരു കാലത്ത് ദേശീയ കായിക രംഗത്ത് നാം ചോദ്യം ചെയ്യപ്പെടാത്ത മുന്നേറ്റമായിരുന്നു നടത്തിയിരുന്നത്, പ്രത്യേകിച്ച് ദേശീയ സ്കൂള്‍ മീറ്റുകളില്‍. ദേശീയ കിരീടം നമ്മുടെ കുത്തകയായിരുന്നു. ഇത്തവണ ദേശീയ ജൂണിയര്‍ മീറ്റ് ഭുവനേശ്വറില്‍ അവസാനിച്ചപ്പോള്‍ കേരളം ആറാം സ്ഥാനത്താണ്. തമിഴ്നാട് ഒന്നാമതും. ഈ പിന്നാക്കം പോക്കിനു ചില കാര്യങ്ങള്‍ പ്രസക്തമാണ്.
1. കായികരംഗത്ത് പ്രതിഭയുള്ള കുട്ടികളെ ചെറുപ്രായത്തിലെ കണ്ടത്തി പരിശീലനം നല്കാന് സാധിക്കുന്നില്ല. കാരണം, കേരളത്തിലെ സ്കൂളുകളില്‍ മൂന്നിലൊന്നില്പോലും കായികാധ്യാപകരില്ല. കെഇആര്‍ കാലോചിതമായി പരിഷ്കരിച്ച് എല്ലാ കുട്ടികള്‍ക്കും കായിക പരിശീലനത്തിനുള്ള അവസരം ഉണ്ടാക്കണം.
2. സംസ്ഥാന-ദേശീയതല മത്സരങ്ങളുടെ പ്ലാനിംഗ് ഇല്ലാത്ത നടത്തിപ്പ്. വ്യക്തമായ കലണ്ടറോടെ മത്സരങ്ങള്‍ ക്രമീകരിക്കണം.
3. സംസ്ഥാന ടീം ചാമ്പ്യന്‍ഷിപ്പ് എന്ന ഒറ്റ ലക്ഷ്യംവച്ച്, കുട്ടികള്‍ക്ക് അമിത വര്‍ക്ക്ലോഡ് കൊടുക്കുന്നു. ഇതു കുട്ടിയുടെ മുന്നോട്ടുള്ള പ്രകടനത്തെ ബാധിക്കും. ഒരു കാലത്ത് വനിതകള്‍ ഉള്‍പ്പെടെ നിരവധി ഒളിമ്പ്യന്മാരെ കണ്ടെത്തി കൊണ്ടുവന്നിരുന്ന സ്കൂള്‍ കായികരംഗം ഇന്നു പിന്നോട്ടു പോയി.
4. കായികം നിര്‍ബന്ധ പാഠ്യവിഷയമാക്കുകയും മാതാപിതാക്കള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ ബോധവത്കരണം നടത്തുകയും ചെയ്യണം.
കെ.വി. ദേവസ്യ
(റിട്ട. കായികാധ്യാപകന് ഗവ. എച്ച്എസ് കാഞ്ഞിരപ്പള്ളി. 2012ല്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്)
വേണം, കായികസംസ്കാരം
ഷെമീര്‍ മോന്
കണ്ണൂരും ചാലക്കുടിയിലും കൊല്ലത്തും കോട്ടയത്തും നടന്ന സംസ്ഥാന കായികമേളയുടെ മധുരസ്മരണങ്ങള്‍ മനസില്‍നിന്നും മാഞ്ഞിട്ടില്ല. നാലു സ്ഥലങ്ങളിലും മൺട്രാക്കിലൂടെയായിരുന്നു ഓടിയത്. ഇന്ന് എല്ലായിടത്തും സിന്തറ്റക് ട്രാക്കുകളും അത്യാധുനിക സൗകര്യങ്ങളുമായിട്ടുണ്ട്. എങ്കിലും നമ്മുടെ കുട്ടികള്‍ക്ക് ആവശ്യമായ മൈതാനവും ട്രാക്കും പലയിടത്തും ഇന്നില്ല.
കഴിഞ്ഞ ദിവസം എന്റെ നാടായ കോട്ടയത്തുകൂടി കടന്നുപോയപ്പോള്‍ നാഗമ്പടത്തെ നെഹ്റു സ്റ്റേഡിയത്തിന്റെ ദയനീയാവസ്ഥ കാണുവാനായി. ഞാന്‍ 100 മീറ്റര്‍ ഓടി സ്വര്‍ണം നേടിയ സ്റ്റേഡിയത്തില്‍ ഒരാള്‍ പൊക്കത്തില്‍ പുല്ലും കാടും നിറഞ്ഞുകിടക്കുന്നു. കായികതാരങ്ങള്‍ക്ക് പരിശീലനത്തിനു പോയിട്ട് ഒന്നു നടക്കാന്‍പോലും പറ്റാത്ത അവസ്ഥയിലായി നമ്മുടെ മിക്ക സ്റ്റേഡിയങ്ങളും. ആവശ്യമായ കളിക്കളങ്ങള്‍ ഉണ്ടാകണം. അതു പരിപാലിക്കപ്പെടുകയും വേണം.
സര്‍ക്കാര്‍ കായികമേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. താരങ്ങള്‍ക്കു കായിക കിറ്റുകള്‍ നല്‍കണം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. സാമ്പത്തി സഹായം നല്‍കണം.
40 ലക്ഷം കുട്ടികൾക്ക് 1800 കായികാധ്യാപകര്‍..!
കായികവിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിയാനുള്ള സമയമാണിത്. കായികാധ്യാപകര്‍ സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിന് അടിത്തറയിടുന്ന വിഭാഗമാണ്. വിദ്യാര്‍ഥികളില്‍ ശാരീരികാരോഗ്യം വളര്‍ത്തുന്നതിലും മാനസികോല്ലാസം ഉറപ്പാക്കുന്നതിലും അവര്‍ക്ക് നിര്‍ണായക പങ്കുണ്ട്.
എയ്ഡഡ് സ്കൂള്‍ കായിക അധ്യാപക സംഘടനയായ കെപിഎസ് പിഇടിഎയും ഗവണ്മെന്റ് സ്കൂള്‍ കായിക അധ്യാപക സംഘടനയായ ഡിപിഡിഎയും സംയുക്തമായാണ് നിസഹകരണം പ്രഖ്യാപിച്ചത്. സ്കൂള്‍ ഇതര പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്ന അധ്യാപകര്‍, കായികവിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് സമരമുറ സ്വീകരിച്ചത്. 65 വര്‍ഷം പഴക്കമുള്ള നിയമനമാനദണ്ഡങ്ങള് പരിഷ്കരിക്കാത്തതിനാല് 65 ശതമാനം യുപി സ്കൂളുകളിലും 45 ശതമാനം ഹൈസ്കൂളുകളിലും എല്ലാ ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്ഇ സ്കൂളുകളിലും കായിക അധ്യാപകര്‍ ഇല്ലാത്ത അവസ്ഥയാണ്.
പൊതുവിദ്യാലയങ്ങളിലെ 40 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കാന് 1800ല്‍ താഴെ കായിക അധ്യാപകര്‍ മാത്രമാണുള്ളത്. കായിക അധ്യാപകരുടെ തസ്തിക സംരക്ഷണത്തിന് പുതിയ മാര്‍ഗനിര്‍ദേശവുമായി ഇതിനിടെ സര്‍ക്കാര്‍ മുന്നാട്ടുവന്നു. എന്നാല്‍, ഈ തീരുമാനം ഈ വര്‍ഷം തസ്തിക നഷ്ടപ്പെടുന്നവര്‍ക്കു മാത്രമാണ് ബാധകമാകുക. ഇത് വെറും അധ്യാപകപ്രശ്നമല്ല; ഒരു തലമുറയുടെ ആരോഗ്യമുള്ള വളര്‍ച്ചയുടെ പ്രശ്നമാണ്.
മാത്യു തൈക്കടവില്‍
(കെപിഎസ് പിഇടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്. ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍, എംഡി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കോട്ടയം)
ഇനിയും വൈകരുത്...
ജോസഫ് ജി. ഏബ്രഹാം
തൃശൂരും ചാലക്കുടിയിലും നടന്ന സംസ്ഥാന കായികമേളയുടെ ഓര്‍മകള്‍ ഇപ്പോഴും മനസിലുണ്ട്. 4x100 മീറ്റര്‍ റിലേയിലും ഹര്‍ഡില്‍സിലും സ്വര്‍ണം നേടിയ മുഹൂര്‍ത്തം ഒരിക്കലും മായാതെ നില്ക്കുന്നു. ജീവിത വഴിത്തിരിവായി മാറി ഈ സുവര്‍ണ നേട്ടം.
നമ്മുടെ കുട്ടികള്‍ക്ക് പരിശീലനത്തിന്റെ കുറവുണ്ട്. അമിതമായ പരിശീലനമല്ല വേണ്ടത്. ചെറുപ്പം മുതലേയുള്ള ട്രെയിനിംഗാണ് ആവശ്യം. പരിമിതികള്‍ക്കിടിയില്‍ കെ.പി. തോമസ് മാഷിന്റെ വീട്ടിലും മറ്റും നിന്നായിരുന്നു എന്റെ പരിശീലനം. മാഷിന്റെ കഠിനമായ പരിശീലനത്തിലൂടെയാണ് എനിക്ക് സ്വര്‍ണം നേടാനായത്. എല്ലാവര്ക്കും പരിശീല
പുതിയ കുട്ടികളെ കണ്ടെത്തണം...
കെ.പി. തോമസ് മാഷ്
നാല്പതുവര്ഷമായി കായികരംഗത്ത് സജീവമായിരുന്നു. വിരമിച്ചശേഷം ഇപ്പോല്‍ രണ്ടു വര്‍ഷമായി കായികമേളകള്‍ക്ക് ഇല്ല. 19 വര്‍ഷം കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയ്ക്കും 12 തവണ കോട്ടയം ജില്ലയ്ക്കും നിരവധി തവണ ദേശീയ സ്കൂള്‍ മീറ്റില്‍ കേരളത്തിനും ചാമ്പ്യന്‍പട്ടം നേടിക്കൊടുക്കാന്‍ സാധിച്ചു. ഓരോ കായികമേളയും എനിക്ക് ആവേശമായിരുന്നു. 20 പുതിയ താരങ്ങളെയാണ് ഞാന്‍ ഓരോ കായികമേള കഴിയുമ്പോഴും കേരളത്തിനു നല്‍കിയിരുന്നത്. എനിക്ക് വലിയ അഭിമാനമാണ് തോന്നുത്. ജീവിച്ചിരിക്കേത്തന്നെ എന്റെ പേരില്‍ ഇടുക്കി നെടുങ്കണ്ടത്ത് അഞ്ചേക്കറില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം വരെയുണ്ടായി.
കായികമേഖലയിലേക്കു പുതിയ കുട്ടികള്‍ വരാത്തത് വല്ലാത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ കുറയുന്നു. കായികമേളയിലെ മിനി മീറ്റ് നിര്‍ത്തലാക്കിയത് നല്ല താരങ്ങളെ കിട്ടാത്ത അവസ്ഥയുണ്ടാക്കി. യുപി വിഭാഗം കുട്ടികള്‍ സബ് ജില്ലയോടെ മത്സരം അവസാനിപ്പിക്കുന്ന രീതി മാറണം. എല്ലാ സ്കൂളിലും കായികാധ്യാപകരെ നിയമിക്കുകയും അവര്‍ പണിയെടുക്കുകയും ചെയ്താല്‍ കൂടുതല്‍ കുട്ടികളെ കായികരംഗത്ത് എത്തിക്കാം.
പ്രതിഭകള്‍ ഉണ്ട്, പക്ഷേ...
രഞ്ജിത്ത് മഹേശ്വരി
രണ്ടായിരത്തിൽ പാലക്കാട് നടന്ന സ്കൂള്‍ മീറ്റാണ് മനസില്‍ മായാതെ നില്‍ക്കുന്നത്. കേരളത്തില്‍നിന്നും ലോകത്തിന്റെ നെറുകയിലെത്തിയ കായികതാരങ്ങളെല്ലാം സ്കൂള്‍ മീറ്റിലൂടെയാണ് എത്തിയത്. കായികമേളയുടെ നിലവാരം കുറഞ്ഞു. വേണ്ടത്ര പ്രോത്സാഹനം കായികതാരങ്ങള്‍ക്ക് ആരും നല്‍കുന്നില്ല. എല്ലാ സ്കൂളിലും കായികാധ്യാപകരില്ലാത്തതുമൂലം പരിശീലനം വേണ്ട രീതിയില്‍ കിട്ടുന്നില്ല. ഓടിക്കളിക്കാന്‍ നല്ലൊരു സ്റ്റേഡിയവും ട്രാക്കും ഇല്ല. നിലവിലുള്ളതാകട്ടെ എല്ലാം തകര്‍ച്ചയുടെ വക്കിലാണ്.
സ്കൂളുകളിലെ സ്പോര്‍ട്സ് ഡേ വെറും ചടങ്ങായി മാറി. സ്പോര്‍ട്സിനു വേണ്ടത്ര പ്രാധാന്യം സര്‍ക്കാരും സ്കൂള്‍ മാനേജുമെന്റും നല്കിയാല് പഴയ പ്രതാപത്തിലേക്കും കായികമേളയെ തിരിച്ചു കൊണ്ടുവരാം. വിജയികള്‍ക്കു സ്വര്‍ണമെഡല്‍ മാത്രം നല്കിയാല് പോരാ പ്രൈസ് മണി, തുടര്‍ പരിശീലനത്തിനുള്ള സൗകര്യം ഇതെല്ലാം സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഒരുക്കണം. പ്രതിഭകള്‍ ഇല്ലാത്തതല്ല കായികമേഖലയുടെ പ്രശ്നം, അവര്‍ക്കു പ്രോത്സാഹനവും മികവുറ്റ പരിശീലനവും ലഭിക്കാത്തതാണ്.
ദിനങ്ങള്‍ വര്‍ധിപ്പിച്ചത് കായികതാരങ്ങള്‍ക്ക് ഗുണകരം
ഇത്തവണ മീറ്റില്‍ അത്ലറ്റിക്സിനുള്ള ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത് കായികതാരങ്ങള്‍ക്കു ഗുണകരമാണ്. മത്സരങ്ങള്‍ തമ്മില്‍ ഇടവേള ലഭിക്കുന്നതിനാല്‍ പരമാവധി വിശ്രമിക്കുന്നതിനും മികച്ച പ്രകടനങ്ങള്‍ നടത്തുന്നതിനും സഹായകരമാകും. കേരള കായികതാരങ്ങള്‍ ദേശീയതലത്തില്‍ പിന്നോട്ടു പോകുന്നു എന്നു പലകോണില്‍ നിന്നും ഉയരുന്ന വിമര്‍ശനത്തെ അധികൃതര്‍ ഏറെ ശ്രദ്ധയോടെ വീക്ഷിക്കണം.
സ്പോര്ടസ് ഹോസ്റ്റലുകള്‍ നിര്‍ത്തലാക്കിയതും കോവിഡ് കാലഘട്ടത്തില്‍ നിര്‍ത്തലാക്കിയ പല ഗ്രാന്‍ഡുകളും പിന്നീട് പുനഃസ്ഥാപിക്കാത്തതുമെല്ലാം കായികമേഖലയുടെ പിന്നോട്ടടിക്കു കാരണമാകുന്നു. സ്പോര്‍ട്സ് ഹോസ്റ്റല്‍ കുട്ടികള്‍ക്കുള്ള ഭക്ഷണ അലവന്‍സ് ഉള്‍പ്പെടെയുള്ളവയില്‍ വലിയ തോതില്‍ കുടിശിക വന്നതും വിദ്യാര്‍ഥികള്‍ക്കു കൃത്യമായി പോഷകാഹാരം ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്യുന്നതിനു തടസമായി.
എന്‍.എസ്. സിജിന്‍
(കായിക അധ്യാപകന്, പാലക്കാട് മുണ്ടൂര്‍ സ്കൂള്‍)