ഒളിന്പിക്സിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു
Sunday, August 11, 2024 12:18 AM IST
പാരീസ്: പാരീസിൽ ഇന്ത്യയുടെ മെഡൽ മത്സരങ്ങളെല്ലാം അവസാനിച്ചു. ഇന്നലെ ഇന്ത്യക്കു രണ്ടു മത്സരങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടിലും മെഡലിലേക്കെത്താനായില്ല. വനിതകളുടെ വ്യക്തിഗത ഗോൾഫിൽ അദിതി അശോക് നാലാം റൗണ്ടിൽ 29-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ക്വാർട്ടർ ഫൈനലിൽ റീതിക ഹൂഡ കിർഗിസ്ഥാന്റെ ഐപെരി മെഡെറ്റ് കൈസിയോട് തോറ്റു. സെമിയിൽ കിർഗ് താരം തോറ്റതോടെ റെപെഷെയിലൂടെ വെങ്കലമെഡലിനായി മത്സരിക്കാമെന്ന റീതികയുടെ മോഹം തകർന്നു.
ക്വാർട്ടറിന്റെ ആദ്യ പിരീഡിൽ പാസിവിറ്റിയിലൂടെ റീതിക ആദ്യ പോയിന്റ് നേടി. രണ്ടാം പിരീഡിൽ ഒരു പോയിന്റ് നേടിയ മെഡെറ്റ് കൈസി കൗണ്ട്ബാക്ക് അടിസ്ഥാനമാക്കിയാണ് സെമിയിലെത്തിയത്.
പാരീസ് ഒളിന്പിക്സിൽ ഒരു വെള്ളിയും അഞ്ചു വെങ്കലവും മാത്രമേ നേടാനായുള്ളൂ.