ബലം പോരാ...
Wednesday, June 19, 2024 12:22 AM IST
ഫ്രാങ്ക്ഫർട്ട്: സുവർണ തലമുറയുടെ അവസാന കണ്ണികളായ കെവിൻ ഡിബ്രൂയിൻ, റൊമേലു ലുകാക്കു എന്നിവർക്ക് രാജ്യാന്തര കിരീടമെന്ന സ്വപ്നം സഫലമാക്കുക അസാധ്യമെന്ന സൂചന നൽകി 2024 യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ബെൽജിയത്തിന് അപ്രതീക്ഷിത തോൽവി.
ഗ്രൂപ്പ് ഇയിൽ സ്ലോവാക്യ 1-0ന് ബെൽജിയത്തെ അട്ടിമറിച്ചു. ഇവാൻ ഷ്രാൻസ് ഏഴാം മിനിറ്റിൽ നേടിയ ഗോളിലായിരുന്നു സ്ലോവാക്യയുടെ ജയം. യൂറോ 2024ലെ ഏറ്റവും വലിയ അട്ടിമറിയായി സ്ലോവാക്യൻ ജയം കുറിക്കപ്പെട്ടു. ശേഷിക്കുന്ന രണ്ട് മത്സരത്തിലും ജയിച്ചാൽ മാത്രമേ ബെൽജിയത്തിന് നോക്കൗട്ട് പ്രവേശം സാധിക്കൂ.
ഇംഗ്ലണ്ടും നിരാശപ്പെടുത്തി
ബെൽജിയം തോൽവി വഴങ്ങിയെങ്കിൽ കരുത്തരായ ഇംഗ്ലണ്ടും ഫ്രാൻസും 1-0ന്റെ ജയത്തോടെ ആദ്യ റൗണ്ടിൽ രക്ഷപ്പെട്ടതും ശ്രദ്ധേയം. ഗ്രൂപ്പ് സിയിൽ ജൂഡ് ബെല്ലിങ്ഗം (13’) നേടിയ ഗോളിലായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മൂന്ന് ഷോട്ട് മാത്രമാണ് ഇംഗ്ലണ്ട് ഓണ്‍ ടാർഗറ്റിലേക്ക് പായിച്ചത്. ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ് 1-0ന് ഓസ്ട്രിയയെ കീഴടക്കിയത് സെൽഫ് ഗോളിലാണെന്നതും ശ്രദ്ധേയം.