ആദ്യപാദ സെമിയിൽ ബംഗളൂരു എഫ്സിക്കു ജയം (2-0)
Thursday, April 3, 2025 2:06 AM IST
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2024-25 സീസണ് ആദ്യ സെമിയില്‍ ബംഗളൂരു എഫ്സിക്കു ജയം. സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ബംഗളൂരു എഫ്സി 2-0ന് എഫ്സി ഗോവയെ കീഴടക്കി.
42-ാം മിനിറ്റില്‍ എഫ്സി ഗോവയുടെ പ്രതിരോധ താരം സന്തേശ് ജിങ്കന്റെ സെല്‍ഫ് ഗോളില്‍ ബംഗളൂരു എഫ്സിക്കു ലീഡ് ലഭിച്ചു. ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ ബംഗളൂരുവിനായി 51-ാം മിനിറ്റില്‍ എഡ്ഗര്‍ മെന്‍ഡെസ് രണ്ടാം ഗോള്‍ സ്വന്തമാക്കി. നംഗ്യാല്‍ ബൂട്ടിയയുടെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍.
എഫ്സി ഗോവയുടെ തട്ടകത്തില്‍ ഞായറാഴ്ച രണ്ടാംപാദ പോരാട്ടം നടക്കും. രണ്ടു ഗോളിന്റെ ലീഡുമായി രണ്ടാംപാദത്തിനിറങ്ങുന്നതിന്റെ മുന്‍തൂക്കം സുനില്‍ ചേത്രിയുടെ ബംഗളൂരു എഫ്സിക്കുണ്ട്.
ജംഷഡ്പുര്‍ x ബഗാന്
ഇന്നു നടക്കുന്ന രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ജംഷഡ്പുര്‍ എഫ്സിയും മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടും. ജംഷഡ്പുരില് രാത്രി 7.30നാണ് മത്സരം.
ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് ഐഎസ്എല്‍ കപ്പിലും മുത്തംവയ്ക്കാനുള്ള ഒരുക്കത്തിലാണ്. മോഹന്‍ ബഗാനെ മറികടന്ന് ഫൈനലില്‍ പ്രവേശിക്കുകയാണ് ജംഷഡ്പുരിന്റെ ലക്ഷ്യം.