കപ്പിലേക്കടുത്ത് ചെമ്പട
Friday, April 4, 2025 12:56 AM IST
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2024-25 സീസണ് കിരീടത്തിലേക്ക് അടുത്ത് ലിവര്‍പൂള്‍ എഫ്സി. 30-ാം റൗണ്ടില്‍ എവര്‍ട്ടണിനെ ഹോം മത്സരത്തില്‍ ലിവര്‍പൂള്‍ 1-0നു കീഴടക്കി. ഡീഗോ ജോട്ടയുടെ (57’) വകയായിരുന്നു ചെമ്പടയുടെ ജയം കുറിച്ച ഗോള്‍.
ശേഷിക്കുന്ന എട്ടു മത്സരങ്ങളില്‍ പരമാവധി നാലു ജയവും ഒരു സമനിലയും ഉണ്ടെങ്കില്‍ ലിവര്‍പൂളിനു ചാമ്പ്യന്‍പട്ടത്തില്‍ എത്താം. രണ്ടാം സ്ഥാനത്തുള്ള ആഴ്സണല്‍ അവര്‍ക്കു ശേഷിക്കുന്ന എട്ടു മത്സരങ്ങളിലും ജയിച്ചാലത്തെ അവസ്ഥയാണിത്.
മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-0നു ലെസ്റ്റര്‍ സിറ്റിയെയും ന്യൂകാസില്‍ യുണൈറ്റഡ് 2-1നു ബ്രെന്റ്ഫോഡിനെയും ആസ്റ്റണ്‍ വില്ല 3-0നു ബ്രൈറ്റണിനെയും കീഴടക്കി. സതാംപ്ടണും ക്രിസ്റ്റല്‍ പാലസും 1-1 സമനിലയില്‍ പിരിഞ്ഞു.
30 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 73 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ആഴ്സണല്‍ (61), നോട്ടിംഗ്ഹാം ഫോറസ്റ്റ് (57), മാഞ്ചസ്റ്റര്‍ സിറ്റി (51), ന്യൂകാസില്‍ യുണൈറ്റഡ് (50) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.