പച്ചക്കൊടി; ഇനി സഞ്ജു ക്യാപ്റ്റന്‍
Thursday, April 3, 2025 2:06 AM IST
മൊഹാലി: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റന്‍സിയിലേക്കു മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ് തിരിച്ചെത്തുന്നു. ശനിയാഴ്ച പഞ്ചാബ് സിംഗ്സിന് എതിരേ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ സഞ്ജു നയിക്കും.
കൈവിരലിനു ശസ്ത്രക്രിയയ്ക്കു വിധേയനായശേഷം ഐപിഎല്ലില്‍ ആദ്യ മൂന്നു മത്സരങ്ങളില്‍ സഞ്ജു ബാറ്റിംഗിനു മാത്രമായിരുന്നു ഇറങ്ങിയത്. വരും മത്സരങ്ങളില്‍ വിക്കറ്റ് കീപ്പിംഗ് ചെയ്യാന്‍ ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്സില്നിന്ന് സഞ്ജുവിനു പച്ചക്കൊടി ലഭിച്ചു. ഇതിനായി താരം കഴിഞ്ഞദിവസം ഗോഹട്ടിയില്‍നിന്ന് ബംഗളൂരുവില്‍ എത്തിയിരുന്നു.
സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് ആയിരുന്നു ആദ്യ മൂന്നു മത്സരങ്ങളില്‍ രാജസ്ഥാന് റോയല്‍സിനെ നയിച്ചത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 44 റണ്‍സും രണ്ടാം പോരാട്ടത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ടു വിക്കറ്റിനും രാജസ്ഥാന് പരാജയപ്പെട്ടിരുന്നു. മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് റണ്‍സിനു കീഴടക്കി.