നീലനഗരം; തുടർച്ചയായ നാലാം തവണ പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി
Monday, May 20, 2024 2:59 AM IST
മാഞ്ചസ്റ്റർ: ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രം തിരുത്തിക്കുറിച്ച് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. തുടർച്ചയായ നാലാം തവണയും സിറ്റി പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടു. ഇന്നലെ നടന്ന സീസണിലെ അവസാന ലീഗ് പോരാട്ടത്തിൽ വെസ്റ്റ്ഹാമിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു കീഴടക്കിയാണു നീലപ്പടയുടെ പടയോട്ടം.
സിറ്റിക്കായി ഫിൽ ഫോഡൻ രണ്ടു ഗോൾ (2’, 18’) നേടി. റോഡ്രിയുടെ വകയാണു ശേഷിച്ച ഒരു ഗോൾ. മുഹമ്മദ് കുഡുസാണ് വെസ്റ്റ്ഹാമിന്റെ ഏകഗോളിന്റെ ഉടമ. ബൈസിക്കിൾ കിക്കിലൂടെയായിരുന്നു കുഡുസിന്റെ ഗോൾ. കളിയുടെ എല്ലാ മേഖലകളിലും സിറ്റിയുടെ സന്പൂർണ ആധിപത്യമാണ് ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ടത്.
ഫോട്ടോഫിനിഷിലേക്കു നീങ്ങിയ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ആഴ്സണലിനെ പിന്തള്ളിയാണ് സിറ്റി കിരീടം ഷെൽഫിലെത്തിച്ചത്. പോയിന്റ് നിലയിൽ രണ്ടാമതുണ്ടായിരുന്ന ഗണ്ണേഴ്സ് ഇന്നലെ എവർട്ടണനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തിയെങ്കിലും വെസ്റ്റ്ഹാമിനെതിരായ സിറ്റിയുടെ ജയത്തോടെ അവരുടെ കിരീടമോഹങ്ങൾ പാഴായി. സിറ്റിക്കു 91 പോയിന്റുണ്ട്. സീസണിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ആഴ്സണലിന് 89 പോയിന്റാണുള്ളത്.
സിറ്റിയുടെ എട്ടാം പ്രീമിയർ ലീഗ് കിരീടനേട്ടമാണിത്. ഇതിൽ ആറും പെപ് ഗാർഡിയോളയുടെ കീഴിലാണ്. ഗാർഡിയോളയേക്കാൾ പ്രീമിയർ ലീഗ് കിരീടനേട്ടം പേരിലുള്ള പരിശീലകൻ സർ അലക്സ് ഫെർഗുസണ് മാത്രം; 13 കിരീടങ്ങൾ. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം തുടർച്ചയായി നാലുവട്ടം കിരീടം നേടുന്നത്. രണ്ടുവട്ടം തുടർച്ചയായി മൂന്നു കിരീടം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഈ നേട്ടത്തിൽ രണ്ടാമത്. സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയുടെ കരിയറിൽ തുടർച്ചയായി നാലു കിരീടങ്ങൾ നേടുന്നതും ഇതാദ്യം.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ലിവർപൂൾ (2-0) വൂൾവ്സിനെയും , മാഞ്ചസ്റ്റർ യുണൈറ്റഡ് (2-0) ബ്രൈറ്റണെയും, ന്യൂകാസിൽ (4-2) ബ്രന്റ്ഫോർഡിനെയും , ചെൽസി (2-1) ബോണ്മൗത്തിനെയും ടോട്ടനം (3-0) ഷെഫീൽഡ് യുണൈറ്റഡിനെയും പരാജയപ്പെടുത്തി. ലീഗിലെ നാലാം സ്ഥാനക്കാരായ ആസ്റ്റണ്വില്ലയെ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു തകർത്തെറിഞ്ഞതാണ് ഇന്നലെയുണ്ടായ വലിയ അട്ടിമറി.