വെള്ളപ്പൊക്കം: ലീഗ് മത്സരങ്ങൾ സസ്പെൻഡ് ചെയ്യണമെന്നു ക്ലബ്ബുകൾ
Wednesday, May 8, 2024 1:06 AM IST
റിയോ ഡി ജനേറോ: കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് തങ്ങളുടെ നാഷണൽ ലീഗ് മത്സരങ്ങൾ അടുത്ത 20 ദിവസത്തേക്കു സസ്പെൻഡ് ചെയ്യാൻ ബ്രസീൽ ഫുട്ബോൾ കോണ്‍ഫെഡറേഷനോട് ആവശ്യപ്പെട്ട് മൂന്നു മുൻനിര ക്ലബ്ബുകൾ.
റിയോ ഗ്രാൻഡെ ഡോ സുൾ ആസ്ഥാനമായുള്ള ഇന്റർനാഷണൽ, ഗ്രെമിയോ, യുവന്റ്യൂഡ് ക്ലബ്ബുകളാണ് മത്സരങ്ങൾ സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സംസ്ഥാനത്ത് വെള്ളപ്പൊക്കം കനത്ത നാശമാണു വിതച്ചിരിക്കുന്നത്.
83 പേർ മരിക്കുകയും 111 പേരെ കാണാതായിട്ടുമുണ്ട്. സംസ്ഥാന തലസ്ഥാനത്തുള്ള ഇന്റർനാഷണലിന്റെയും ഗ്രെമിയോയുടെയും സ്റ്റേഡിയങ്ങൾ വെള്ളത്തിനടിയിലാകുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നു ക്ലബ്ബുകളുടെയും ഈയാഴ്ച അവസാനത്തെ മത്സരങ്ങൾ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ക്ലബ്ബുകളുടെ ആവശ്യം പരിഗണിക്കുമെന്നു ബ്രസീൽ ഫുട്ബോൾ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.