പാരീസിയന്‍സ്
Friday, April 11, 2025 12:59 AM IST
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസൺ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മയ്ന് 3-1ന് ഇംഗ്ലീഷ് സംഘമായ ആസ്റ്റണ്‍ വില്ലയെ കീഴടക്കി.
35-ാം മിനിറ്റില്‍ മോര്ഗന് റോജേഴ്സിലൂടെ ലീഡ് നേടിയശേഷമായിരുന്നു ആസ്റ്റണ്‍ വില്ലയുടെ തോല്‍വി. പിഎസ്ജിക്കുവേണ്ടി ഡെസിരെ ഡൗ (39'), ഖ്വിച ക്വാററ്റ്സ്ഖേലിയ (49'), നുനോ മെന്‍ഡസ് (90+2') എന്നിവരാണ് ഗോള്‍ സ്വന്തമാക്കിയത്.
ഇതോടെ 2024-25 സീസണില്‍ പിഎസ്ജി മൂന്ന് ഇംഗ്ലീഷ് ടീമികളെ കീഴടക്കി. മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകളെ പിഎസ്ജി ഇതിനോടകം കീഴടക്കിയിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്, ബാഴ്സലോണ, റയല്‍ മാഡ്രിഡ് എന്നിവയ്ക്കുശേഷം ഒരു സീസണില്‍ മൂന്ന് ഇംഗ്ലീഷ് ക്ലബ്ബുകളെ കീഴടക്കുന്ന ടീം എന്ന നേട്ടത്തിലും ഇതോടെ പിഎസ്ജി എത്തി.
ആസ്റ്റണ്‍ വില്ലയ്ക്കെതിരേ പിഎസ്ജിയുടെ പാസിംഗ് കൃത്യത 94.5 ശതമാനം ആയിരുന്നു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു മത്സരത്തിലെ റിക്കാര്‍ഡ് ആണിത്.