മെസി ഡബിളില്‍ മയാമി
Friday, April 11, 2025 12:59 AM IST
ന്യൂയോര്‍ക്ക്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോള്‍ ബലത്തില്‍ ലോസ് ആഞ്ചലസ് എഫ്സിയെ കീഴടക്കി ഇന്റര്‍ മയാമി കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍.
ആദ്യപാദ ക്വാര്‍ട്ടറില്‍ 1-0ന്റെ തോല്‍വി വഴങ്ങിയ ഇന്റര്‍ മയാമി, രണ്ടാംപാദത്തില്‍ 3-1ന്റെ ജയം സ്വന്തമാക്കി. ഇരുപാദങ്ങളിലുമായി 3-2ന്റെ ജയത്തോടെയാണ് ഇന്റര്‍ മയാമി സെമി ബുക്ക് ചെയ്തത്.
രണ്ടാംപാദ ക്വാര്‍ട്ടറില്‍ ഒമ്പതാം മിനിറ്റില്‍ ആരോണ്‍ ലോംഗിലൂടെ ലോസ് ആഞ്ചലസ് എഫ്സിയാണ് ആദ്യ ഗോള്‍ നേടിയത്. അതോടെ ലോസ് ആഞ്ചലസ് എഫ്സിക്ക് ഇരുപാദങ്ങളിലുമായി 2-0ന്റെ ലീഡ്. 35-ാം മിനിറ്റില്‍ ലയണല്‍ മെസി ഇന്റര്‍ മയാമിക്കുവേണ്ടി ഒരു ഗോള്‍ മടക്കി. 61-ാം മിനിറ്റില്‍ ഫെഡെറിക്കോ റെഡോന്‍ഡോ ഇന്റര്‍ മയാമിയുടെ രണ്ടാം ഗോളും നേടിയതോടെ മത്സരം മുറുകി. നോഹ് അലന്റെ അസിസ്റ്റിലായിരുന്നു ഗോള്‍.
തുടര്‍ന്നു വിജയഗോളിനായുള്ള പോരാട്ടത്തിനിടെ 84-ാം മിനിറ്റില്‍ ഇന്റര്‍ മയാമിക്ക് അനുകൂലമായി പെനാല്‍റ്റി കിക്ക്. മാര്‍ലോണിന്റെ ഹാന്‍ഡ് ബോളിനായിരുന്നു റഫറി വിഎആറിലൂടെ പെനാല്‍റ്റി വിധിച്ചത്.
സ്പോട്ട് കിക്കെടുത്ത മെസിക്കു പിഴച്ചില്ല. അതോടെ ഇന്റര്‍ മയാമി കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പിന്റെ സെമിയിലേക്കും.