ബിഗ് ബാഴ്സ
Friday, April 11, 2025 12:59 AM IST
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ നോക്കൗട്ട് റൗണ്ടില്‍ തങ്ങളുടെ എക്കാലത്തെയും ഏറ്റവും വലിയ ജയം സ്വന്തമാക്കി സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ.
2024-25 സീസണ് ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടറില്‍ ബാഴ്സലോണ 4-0നു ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്തു.
2018-19 സീസണ് പ്രീക്വാര്‍ട്ടറില്‍ 5-1നു ഫ്രഞ്ച് ക്ലബ് ലിയോണിനെ കീഴടക്കിയതാണ് ബാഴ്സയുടെ നോക്കൗട്ട് റൗണ്ടിലെ ഏറ്റവും വലിയ മറ്റൊരു ജയം.
സ്വന്തം കാണികള്‍ക്കു മുന്നില്‍ 25-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെ ബാഴ്സലോണ ലീഡ് സ്വന്തമാക്കി. ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ ബാഴ്സയ്ക്കുവേണ്ടി റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഇരട്ട ഗോള്‍ സ്വന്തമാക്കി. 48, 66 മിനിറ്റുകളിലായിരുന്നു ലെവന്റെ ഗോളുകള്‍.
ഒടുവില്‍ 77-ാം മിനിറ്റില്‍ ലാമിന് യമാലും വല കുലുക്കിയതോടെ ബാഴ്സയ്ക്ക് 4-0ന്റെ ജയം. ഒരു ഗോള്‍ നേടിയതിനു പിന്നാലെ രണ്ടു ഗോളിന് അസിസ്റ്റ് നടത്തിയത് റാഫീഞ്ഞയായിരുന്നു.