ഡിസി ആറു വിക്കറ്റിന് ആര്‍സിബിയെ കീഴടക്കി
Friday, April 11, 2025 12:59 AM IST
ബംഗളൂരു: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഹൈവോള്‍ട്ടേജില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഫ്യൂസ്. കെ.എല്‍. രാഹുലിന്റെ ചിറകിലേറി ഡിസി ആറു വിക്കറ്റിന് ആര്‍സിബിയെ കീഴടക്കി.
164 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരവെ 8.4 ഓവറില്‍ 58 റണ്‍സിന് നാലു വിക്കറ്റ് നഷ്ടപ്പെട്ടിടത്തുനിന്നാണ് ഡല്‍ഹിയെ കെ.എല്‍. രാഹുല്‍ ജയത്തിലെത്തിച്ചത്. 53 പന്തില്‍ ആറ് സിക്സും ഏഴ് ഫോറും അടക്കം രാഹുല്‍ 93 റണ്‍സുമായി പുറത്താകാതെ നിന്നു. രാഹുലിന് ഒപ്പം ട്രിസ്റ്റണ്‍ സ്റ്റബ്സും (23 പന്തില്‍ 38) പുറത്തായില്ല. അഞ്ചാം വിക്കറ്റില്‍ അഭേദ്യമായ 111 റണ്‍സ് കൂട്ടുകെട്ടാണ് ഇവര്‍ സ്ഥാപിച്ചത്.
ആര്‍സിബിയുടെ കൈയില്‍നിന്ന് കെ.എല്‍. രാഹുലും സ്റ്റബ്സും ചേര്‍ന്നു ജയം തട്ടിയെടുക്കുകയായിരുന്നു. ഇതോടെ ഡൽഹിക്ക് നാലു മത്സരങ്ങളിൽ നാലു ജയമായി. 2025 സീസണില്‍ ഇതുവരെ തോൽക്കാത്ത ഏകടീമാണ് ഡല്‍ഹി ക്യാപ്പിറ്റൽസ്. ചരിത്രിത്തിൽ ആദ്യമായാണ് ഡൽഹി ഒരു സീസണിലെ ആദ്യ നാലു മത്സരങ്ങൾ ജയിക്കുന്നത്.
പിടിച്ചു കെട്ടി
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസില്‍ എത്തിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഇന്നിംഗ്സ് തുടങ്ങിയത് മിന്നൽ വേഗത്തിലായിരുന്നു. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും (17 പന്തില്‍ 37) വിരാട് കോഹ്ലിയും (14 പന്തില്‍ 22) 3.5 ഓവറില്‍ 61 റണ്‍സ് അടിച്ചുകൂട്ടി. വെടിക്കെട്ടു തുടക്കമാണ് ലഭിച്ചതെങ്കിലും പിന്നീട് എല്ലാം തകിടംമറിഞ്ഞു. സ്കോർ 61ല്‍ നിന്ന് 74ല്‍ എത്തിയപ്പോഴേക്കും സാള്‍ട്ടും കോഹ്ലിയും ദേവ്ദത്ത് പടിക്കലും (1) പുറത്ത്.
ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ (23 പന്തില്‍ 25) ചെറുത്തുനിന്നെങ്കിലും കുല്‍ദീപ് യാദവിനു മുന്നില്‍ കീഴടങ്ങി. ലിയാം ലിവിംഗ്സ്റ്റണും (4), ജിതേഷ് ശര്‍മയും (3) ഒറ്റയക്കത്തില്‍ കൂടാരം കയറി. പിന്നീട് ക്രുനാല്‍ പാണ്ഡ്യയും (18 പന്തില്‍ 18) ടിം ഡേവിഡും (20 പന്തില്‍ 37 നോട്ടൗട്ട്) നടത്തിയ പോരാട്ടമാണ് ബംഗളൂരുവിനെ പൊരുതാനുള്ള സ്കോറില്‍ എത്തിച്ചത്.
കോഹ്ലി 1000 ബൗണ്ടറി
ഐപിഎല്‍ ചരിത്രത്തില്‍ 1000 ബൗണ്ടറി നേടുന്ന ആദ്യ താരം എന്ന നേട്ടം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിരാട് കോഹ്ലി സ്വന്തമാക്കി. ഇന്നലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ രണ്ടു സിക്സും ഒരു ഫോറും അടിച്ചതോടെയാണിത്. ഐപിഎല്ലില്‍ കോഹ്ലിക്ക് ഇതോടെ 721 ഫോറും 280 സിക്സും ആയി. കോഹ്ലിക്കു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ശിഖര്‍ ധവാന് 768 ഫോറും 152 സിക്സും ഉള്‍പ്പെടെ 920 ബൗണ്ടറികളാണുള്ളത്.