ഗുകേഷ്, വിദിത് ജയത്തിൽ
Sunday, April 7, 2024 1:28 AM IST
ടൊറൊന്റൊ: 2024 കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ഓപ്പണ്‍ വിഭാഗത്തിൽ (പുരുഷ) ഇന്ത്യയുടെ ഡി. ഗുകേഷിനും വിദിത് ഗുജറാത്തിക്കും ജയം.
ചെസ് ലോകകപ്പ് രണ്ടാം സ്ഥാനക്കാരനായ ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദയെയാണ് ഗുകേഷ് കീഴടക്കിയത്. അമേരിക്കയുടെ ജാപ്പനീസ് വംശജനായ ഹികാരു നകമുറയെയാണ് വിദിത് രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്. ഗുകേഷും വിദിതും തമ്മിലായിരുന്നു ആദ്യ റൗണ്ട്. ആ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു.
അമേരിക്കയുടെ ഫാബിയാനോ കരുവാന, റഷ്യയുടെ ഇയാൻ നിപോംനിഷി എന്നിവരും രണ്ടാം റൗണ്ടിൽ ജയം സ്വന്തമാക്കി. ഗുകേഷും വിദിതും ഒന്നാം സ്ഥാനം പങ്കിടുകയാണ്.
വനിതാ കാൻഡിഡേറ്റ്സ് ചെസിൽ ചൈനീസ് താരം ടാൻ സോങ്യി രണ്ടാം ജയം സ്വന്തമാക്കി. ഇന്ത്യയുടെ ആർ. വൈശാലിയെയാണ് രണ്ടാം റൗണ്ടിൽ സോങ് യി കീഴടക്കിയത്. റഷ്യയുടെ അലക്സാന്ദ്ര ഗോറിയച്ച്കിനയും രണ്ടാം റൗണ്ടിൽ ജയം നേടി.
ഇന്ത്യയുടെ മറ്റൊരു താരമായ കൊനേരു ഹംപി രണ്ടാം റൗണ്ടിൽ റഷ്യയുടെ കാറ്റെറിന ലഗ്നോയുമായി സമനിലയിൽ പിരിഞ്ഞു. ആദ്യ റൗണ്ടിലും കൊനേരു സമനില നേടിയിരുന്നു.