ബം​ബോ​ലിം: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ആ​വേ​ശം അ​ട​ങ്ങു​ന്ന​തി​നു മു​മ്പ് കാ​യി​ക പ്രേ​മി​ക​ള്‍​ക്ക് മ​റ്റൊ​രു ഉ​ത്സ​വം. ഇ​ന്ത്യ​യി​ലെ മു​ന്‍​നി​ര താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ക്കു​ന്ന 37-ാം ദേ​ശീ​യ ഗെ​യിം​സി​ന് ഇ​ന്ന് മി​ഴി തു​റ​ക്കും.

2015ല്‍ ​കേ​ര​ളം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​നു പി​ന്നാ​ലെ ഗോ​വ​യി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഗെ​യിം​സി​നാ​ണ് ഇ​ന്നു കേളികൊട്ട് ഉയരുന്നത്. ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കാത്തതും പി​ന്നീ​ട് കോ​വി​ഡ്-19 മ​ഹാ​മാ​രി​ വ​ന്ന​തു​മെ​ല്ലാം ദേ​ശീ​യ ഗെ​യിം​സി​ന്‍റെ ഗോ​വ​ന്‍ എ​ഡി​ഷ​ന്‍ വൈ​കി​പ്പി​ച്ചു. ഇ​തി​നി​ടെ 2022ല്‍ ​ഗു​ജ​റാ​ത്ത് 36-ാം ദേ​ശീ​യ ഗെ​യിം​സ് സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്തു.

ക​ട​മ്പ​ക​ള്‍ ഏ​റെ ക​ട​ന്ന ഗോ​വ ഒ​ടു​വി​ല്‍ 2023 ദേ​ശീ​യ ഗെ​യിം​സ് സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ബം​ബോ​ലി​മി​ലെ ജി​എം​സി അ​ത്‌​ല​റ്റി​ക് സ്റ്റേ​ഡി​യ​മാ​ണ് ഗോ​വ​ന്‍ ദേ​ശീ​യ ഗെ​യിം​സി​ന്‍റെ പ്ര​ധാ​ന വേ​ദി. ന​വം​ബ​ര്‍ ഒ​മ്പ​ത് വ​രെ​യാ​ണ് ദേ​ശീ​യ ഗെ​യിം​സ്.

43 മ​ത്സ​ര​ങ്ങ​ള്‍

28 സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ട്ട് കേ​ന്ദ്ര​ഭ​ര​ണ-പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​മാ​യി 10,000ല്‍ ​അ​ധി​കം കാ​യി​ക താ​ര​ങ്ങ​ളാ​ണ് ഗോ​വ​യി​ല്‍ എ​ത്തു​ക. 43 ഇ​ന​ങ്ങ​ളി​ലാ​ണ് ദേ​ശീ​യ ഗെ​യിം​സി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. ഒ​ളി​മ്പി​ക്‌​സ് മോ​ഡ​ലി​ല്‍ ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര കാ​യി​ക മ​ത്സ​ര​ങ്ങ​ളാ​ണ് ദേ​ശീ​യ ഗെ​യിം​സ് എ​ന്ന കു​ട​ക്കീ​ഴി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്.


ദേ​ശീ​യ ഗെ​യിം​സി​ന് ഗോ​വ വേ​ദി​യാ​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. 2022 ഗു​ജ​റാ​ത്ത് ദേ​ശീ​യ ഗെ​യിം​സി​ല്‍ 36 ഇ​ന​ങ്ങ​ളി​ലാ​യി 7000ല്‍ ​അ​ധി​കം കാ​യി​ക താ​ര​ങ്ങ​ളാ​യി​രു​ന്നു പ​ങ്കെ​ടു​ത്ത​ത്.

ഡ​ല്‍​ഹി​യും വേ​ദി

ബീ​ച്ച് ഫു​ട്‌​ബോ​ള്‍, റോ​ള്‍ ബോ​ള്‍, ഗോ​ള്‍​ഫ്, സെ​പ​ക്ത​ക്രോ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ള്‍ ദേ​ശീ​യ ഗെ​യിം​സി​ല്‍ പു​തി​യ​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗോ​വ​യി​ല്‍ മാ​ത്ര​മ​ല്ല, ഡ​ല്‍​ഹി​യി​ലും മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റും. സൈ​ക്ലിം​ഗ്, ഗോ​ള്‍​ഫ് മ​ത്സ​ര​ങ്ങ​ളാ​ണ് ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ക.

29 മു​ത​ലാ​ണ് അ​ത്‌‌​ല​റ്റി​ക്‌​സ് മ​ത്സ​ര​ങ്ങ​ള്‍. ബം​ബോ​ലിം സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ട്രാ​ക്ക് ആ​ന്‍​ഡ് ഫീ​ല്‍​ഡ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് 60 അം​ഗ സം​ഘം പ​ങ്കെ​ടു​ക്കും.