സൗദിയിലെ പണക്കിലുക്കം!
Thursday, June 8, 2023 2:42 AM IST
റിയാദ്: സൗദി അറേബ്യ ഫുട്ബോൾ താരങ്ങളെ പണക്കൊഴുപ്പിൽ വീഴ്ത്തുന്ന നാടാകുമോ...? ആ വിശേഷണത്തിലേക്കാണു സൗദി അറേബ്യ നീങ്ങുന്നതെന്നാണു സൂചന. കാരണം, 2023ൽ സൗദി അറേബ്യൻ പ്രോ ലീഗിലേക്കു രണ്ടു സൂപ്പർ താരങ്ങൾ എത്തി. ആദ്യമെത്തിയത് ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
സൗദി ക്ലബ്ബായ അൽ നസർ എഫ്സി റൊണാൾഡോയ്ക്കു വാർഷിക പ്രതിഫലമായി നൽകുന്നത് 200 മില്യണ്‍ യൂറോ (ഏകദേശം 1769 കോടി രൂപ) ആണ്. 2023-24 സീസണിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കരിം ബെൻസെമയും സൗദി പ്രോ ലീഗിലേക്ക് എത്തി. സൗദി പ്രൊ ലീഗ് 2022-23 സീസണ് ചാന്പ്യന്മാരായ അൽ ഇത്തിഹാദ് എഫ്സിയിലേക്കാണു കരിം ബെൻസെമ എത്തിയത്.
മൂന്നു വർഷ കരാറിലാണു കരിം ബെൻസെമ അൽ ഇത്തിഹാദ് എഫ്സിയിലേക്കു ചേക്കേറിയത്. ഏകദേശം 106 മില്യണ്‍ യൂറോ (938 കോടി രൂപ) വാർഷിക പ്രതിഫലത്തിനാണു കരിം ബെൻസെമ അൽ ഇത്തിഹാദ് എഫ്സിയിൽ ചേർന്നതെന്നാണു റിപ്പോർട്ട്. ഇതോടെ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തും കരിം ബെൻസെമയെത്തി.
കൈലിയൻ എംബാപ്പെ, ലയണൽ മെസി എന്നിവരെ പിന്തള്ളിയാണ് മുപ്പത്തിയഞ്ചുകാരനായ ബെൻസെമ ഈ നേട്ടം സ്വന്തമാക്കിയത്. 2009 മുതൽ 14 വർഷം നീണ്ട സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് ജീവിതത്തിനുശേഷമാണു കരിം ബെൻസെമ അൽ ഇത്തിഹാദിലേക്കു ചേക്കേറുന്നത്. അഞ്ചു യൂറോപ്യൻ കിരീടങ്ങൾ ഉൾപ്പെടെ 25 ട്രോഫികളിൽ റയൽ മാഡ്രിഡിൽവച്ച് ബെൻസെമ പങ്കാളിയായി.
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽനിന്നു പുറത്തുകടന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്കായി സൗദി ക്ലബ്ബായ അൽ ഹിലാൽ 320 മില്യണ്‍ യൂറോ (ഏകദേശം 2828 കോടി രൂപ) വാർഷിക പ്രതിഫലം ഓഫർ ചെയ്തിട്ടുണ്ട്. ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്, ഫ്രഞ്ച് താരങ്ങളായ എൻഗോളോ കാന്റെ, ഹ്യൂഗോ ലോറിസ് അടക്കമുള്ള കളിക്കാരെയും സൗദി ക്ലബ്ബുകൾ പണക്കിലുക്കത്താൽ ക്ഷണിക്കുന്നു.