ഇന്റർ മിലാനു ജയം
Sunday, June 4, 2023 11:31 PM IST
മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിനു മുന്പായുള്ള അവസാന മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനു ജയം. സീരി എ സീസണിലെ അവസാനമത്സരത്തിൽ ഇന്റർ മിലാൻ 1-0ന് ടൊറിനൊയെ കീഴടക്കി. മാഴ്സെലൊ ബ്രൊസോവിച്ച് (37’) ആണ് ഇന്റർ മിലാന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. 72 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് ഇന്റർ മിലാൻ ഫിനിഷ് ചെയ്തു.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയാണു ചാന്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാന്റെ എതിരാളി. ഇന്ത്യൻ സമയം ഞായർ പുലർച്ചെ 12.30നാണു മാഞ്ചസ്റ്റർ സിറ്റി x ഇന്റർ മിലാൻ ഫൈനൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ് എന്നീ കിരീടനേട്ടങ്ങൾക്കുശേഷം സീസണ് ട്രിപ്പിൾ തികയ്ക്കാനുള്ള തയാറെടുപ്പിലാണു മാഞ്ചസ്റ്റർ സിറ്റി.