വിജയം, വൈകാരികം
Wednesday, May 31, 2023 12:44 AM IST
അഹമ്മദാബാദ്: ചെന്നൈ സൂപ്പർ കിംഗ്സ് കിരീടമുറപ്പിച്ചപ്പോൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയായതു നിരവധി വൈകാരിക നിമിഷങ്ങൾക്ക്. പതിനഞ്ചാം ഓവറിലെ അവസാന പന്ത് ജഡേജ ബൗണ്ടറി കടത്തിയതോടെ ചെന്നൈ ഡഗൗട്ടിൽ താരങ്ങൾ തുള്ളിച്ചാടി.
അവസാന ഓവറുകളിൽ ഡഗൗട്ടിൽ കണ്ണടച്ചിരുന്ന ക്യാപ്റ്റൻ ധോണി, ജയം സമ്മാനിച്ചശേഷം തന്റെ അടുത്തേക്ക് ഓടിയെത്തിയ രവീന്ദ്ര ജഡേജയെ പിടിച്ചുയർത്തി. ഓടിയെത്തിയ മകൾ സിവയെ ആലിംഗനം ചെയ്തു.
കിരീടനേട്ടത്തിനുശേഷം സിഎസ്കെ താരങ്ങൾക്കൊപ്പം ട്രോഫി ഉയർത്തുന്ന സിവയുടെ ദൃശ്യങ്ങളും വൈറലായി. കിരീടം ഏറ്റുവാങ്ങാൻ അവതാരകൻ ക്ഷണിച്ചപ്പോൾ രവീന്ദ്ര ജഡേജയെയും വിരമിക്കൽ പ്രഖ്യാപിച്ച അന്പാട്ടി റായുഡുവിനെയും ധോണി ഒപ്പംകൂട്ടി. ജഡേജയും റായുഡുവും ചേർന്ന് കിരീടം സ്വീകരിച്ചശേഷമാണു ധോണി അതിൽ പങ്കാളിയായത്.
മഹീ, നിനക്കായ്...
വിജയം ധോണിക്കു സമർപ്പിച്ച് രവീന്ദ്ര ജഡേജ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ്. ഞങ്ങൾ ഒരാൾക്കുവേണ്ടിമാത്രമാണ് ഈ വിജയം നേടിയത്; മഹി ഭായ് നിങ്ങൾക്കുവേണ്ടി എന്നായിരുന്നു ജഡേജയുടെ വാക്കുകൾ. വിജയശേഷം ധോണി എടുത്തുയർത്തുന്ന ചിത്രങ്ങളും കപ്പുമായി ധോണിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ജഡേജ പങ്കുവച്ചിട്ടുണ്ട്.