ആന്ദ്രെ ഹെന്നിംഗ്; അദ്ഭുത പരിശീലകൻ
Tuesday, January 31, 2023 12:47 AM IST
ടി.വി. ബാലസുബ്രഹ്മണ്യൻ
രണ്ടായിരത്തിന്റെ തുടക്കം മുതൽ ഒരു ദശകത്തോളം ലോക ഹോക്കിയിലെ മുടിചൂടാമന്നന്മാരായിരുന്നു ജർമനി. 2002, 2006 ലോകകപ്പ് കിരീടം, 2008, 2012 ഒളിന്പിക് സ്വർണം. ആ മേൽക്കോയ്മ ബെൽജിയത്തിനും ഓസ്ട്രേലിയയ്ക്കും അടിയറവയ്ക്കുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ, തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് ജർമനി വീണ്ടും തിരിച്ചെത്തി. 2023 എഫ്ഐഎച്ച് ഹോക്കി ലോകകപ്പ് ചുണ്ടോടടുപ്പിച്ചായിരുന്നു അത്. ജർമനിയുടെ മൂന്നാം ലോക ഹോക്കി കിരീടം. 2023 ലോകകപ്പ് കിരീടത്തിലേക്ക് ജർമനിയെ നയിച്ചത് ആന്ദ്രെ ഹെന്നിംഗ് എന്ന അദ്ഭുത പരിശീലകനാണ്.
ജർമനിയുടെ അണ്ടർ 16, 18 ടീമിൽ അംഗമായിരുന്നു ഹെന്നിംഗ്. മുട്ടിനു പരിക്കേറ്റതോടെ 20-ാം വയസിൽ ഹോക്കിയോട് വിടപറഞ്ഞു. കളി ഉപേക്ഷിച്ച് വക്കീൽ ആകാനുള്ള ശ്രമം തുടങ്ങി. അതോടൊപ്പം മോട്ടിവേഷണൽ പ്രസംഗകനുമായി. ആ സമയത്താണ് ഉഹ്ലൻ ഹോഴ്സ്റ്റ് മുൽഹീമിന്റെ പരിശീലകനാകാൻ വിളിയെത്തിയത്. 22-ാം വയസിൽ ആയിരുന്നു അത്. അഞ്ചുതവണയെങ്കിലും ആ ക്ഷണം ഹെന്നിംഗ് നിരസിച്ചു. എന്നാൽ, കോച്ചിംഗ് തന്റെ കരിയർ അല്ലെന്ന് ഉറപ്പിച്ച ഹെന്നിംഗ് ഒരു വർഷത്തേക്കു പരിശീലകനാകാൻ സമ്മതം മൂളി.
അധികവരുമാനം മാത്രമായിരുന്നു ലക്ഷ്യം. പക്ഷേ, ഏഴ് വർഷം അവിടെ തുടർന്നു. ക്ലബ് തലത്തിൽ ഹെന്നിംഗ് പരിശീലിപ്പിച്ച തിലോ സ്രാൽകോസ്കി, ജാൻ ഫിലിപ്പ് റെബന്റെ എന്നിവർ 2012 ഒളിന്പിക് സ്വർണം നേടിയ ജർമൻ ടീമിൽ ഉണ്ടായിരുന്നു.
തന്റെ പരിശീലന കരിയർ റോട്ട് വീസ് കോളിലേക്ക് മാറ്റിയ ഹെന്നിംഗ്, യൂറോ ഹോക്കി ലീഗ് ഉൾപ്പെടെ ഏഴ് കിരീടം ക്ലബ്ബിനു നേടിക്കൊടുത്തു. കോൾ ടീം 2021-22 ജർമൻ ലീഗ് കിരീടം നേടിയ സമയത്താണ്, കൈസ് അൽസാരിക്ക് പകരക്കാരനായി ജർമൻ ടീം പരിശീലകനായി ഹെന്നിംഗ് നിയമിക്കപ്പെടുന്നത്.