ബൗളിംഗ് പിഴച്ചു: രോഹിത്
Wednesday, September 21, 2022 11:28 PM IST
മൊഹാലി: ബൗളിംഗിലെ പ്രശ്നങ്ങളാണ് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യയുടെ തോൽവിക്കു കാരണമായതെന്നു നായകൻ രോഹിത് ശർമ. ഫീൽഡിംഗിലെ പിഴവുകൾ തിരിച്ചടിയായെന്നും അദ്ദേഹം മത്സരശേഷം തുറന്നുസമ്മതിച്ചു.
ബാറ്റർമാർ മികച്ച പ്രകടനമാണു നടത്തിയത്. ബൗളർമാർ നിരാശപ്പെടുത്തി. 200 റണ്‍സിന് മുകളിൽ സ്കോർ ചെയ്തിട്ടും അതു പ്രതിരോധിക്കാനായില്ല. അവസാന നാലോവറിൽ 60 റണ്‍സ് വിട്ടുകൊടുത്തതു തിരിച്ചടിയായി. ഒരു വിക്കറ്റ് കൂടി നേടാനും കഴിഞ്ഞില്ല. ഒരു വിക്കറ്റുകൂടി നേടിയിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു- രോഹിത് പറഞ്ഞു.
എല്ലാ ദിവസവും 200 റണ്‍സ് സ്കോർ ചെയ്യാൻ കഴിയില്ല. ഹാർദിക്കിന്റെ പ്രകടനമാണു ഞങ്ങളെ അവിടെയെത്തിച്ചത്. ഫീൽഡിംഗിനിടെ ലഭിച്ച സുവർണാവസരങ്ങൾ പാഴാക്കി. ഗ്രൗണ്ടിൽ അവസരങ്ങൾ മുതലെടുക്കാൻ തങ്ങൾക്കു സാധിച്ചില്ല- രോഹിത് പറഞ്ഞു.
അടുത്ത മത്സരത്തിനു മുന്‍പ് ബോളിംഗ് ശരിയാക്കിയെടുക്കണമെന്നും എന്താണു പിഴവെന്നു കൃത്യമായി മനസിലാക്കാനാണു ശ്രമിക്കുന്നതെന്നും രോഹിത് കൂട്ടിച്ചേർത്തു.