ഉയരെ ഗണ്ണേഴ്സ്
Monday, September 19, 2022 12:50 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. എവേ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു പരാജയപ്പെടുത്തിയാണു ഗണ്ണേഴ്സ് മാഞ്ചസ്റ്റർ സിറ്റിയെ പിന്തള്ളിയത്. കഴിഞ്ഞ സീസണിൽ ഇതേ സ്റ്റേഡിയത്തിൽ ബ്രെന്റ്ഫോർഡിനോട് ആഴ്സണൽ പരാജയപ്പെട്ടിരുന്നു.
മത്സരത്തിന്റെ 17-ാം മിനിറ്റിൽത്തന്നെ ആഴ്സണൽ ഗോൾ നേടി. ബുകായോ സാകയുടെ കോർണർ വില്യം സാലിബ ഒരുഗ്രൻ ഹെഡറിലൂടെ ഗോളാക്കുകയായിരുന്നു. ഗോൾലൈൻ ടെക്നോളജിയിലാണു ഗോൾ അനുവദിച്ചത്. 11 മിനിറ്റിനുശേഷം ഗബ്രിയേൽ ജീസ്യുസിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. ഇക്കുറി ഗ്രാനിറ്റ് ഷാക്കയുടെ വകയായിരുന്നു പാസ്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഫാബിയോ വിയേര ഇടംകാലൻ ഷോട്ടിലൂടെ ആഴ്സണലിനു മൂന്നാം ഗോൾ സമ്മാനിച്ചു. പെനൽറ്റി ബോക്സിനു പുറത്തുനിന്നായിരുന്നു വിയേരയുടെ ഷോട്ട്.
ജയത്തോടെ ആഴ്സണലിന് ഏഴു മത്സരത്തിൽനിന്ന് 18 പോയിന്റായി. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം എന്നീ ടീമുകളേക്കാൾ ഒരു പോയിന്റിന്റെ ലീഡ്.
മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്ട്സ്പർ ലെസ്റ്റർ സിറ്റിയെ 6-2നു പരാജയപ്പെടുത്തി. പകരക്കാരനായെത്തി ഹാട്രിക് നേടിയ ഹ്യുംഗ് മിൻ സോണിന്റെ മികവിലാണു ടോട്ടനത്തിന്റെ തകർപ്പൻ ജയം. മത്സരത്തിന്റെ ആറാം മിനിറ്റിൽ യൂറി ടെലമൻസിലൂടെ ലെസ്റ്ററാണു ലീഡ് നേടിയത്.
എന്നാൽ, എട്ടാം മിനിറ്റിൽ ഹാരി കെയ്നിലൂടെ ടോട്ടനം സമനില പിടിച്ചു. പിന്നാലെ എറിക് ഡയർ ലീഡ് ഇരട്ടിയാക്കി. ആദ്യപകുതിയുടെ ഒടുവിൽ ജയിംസ് മാഡിസന്റെ ഗോളിലൂടെ ലെസ്റ്റർ സമനില പിടിച്ചതാണ്.
പക്ഷേ, രണ്ടാം പകുതിയിൽ ടോട്ടനം എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. 47-ാം മിനിറ്റിൽ റോഡ്രിഗോ ബെന്റകർ ടോട്ടനത്തിന്റെ മൂന്നാം ഗോൾ നേടി. ഇതിനു ശേഷമായിരുന്നു സോണിന്റെ മാസ്മരിക പ്രകടനം. 73, 84, 86 മിനിറ്റുകളിലായിരുന്നു സോണിന്റെ ഹാട്രിക് ഗോളുകൾ. ഏഴു മത്സരത്തിൽനിന്ന് 17 പോയിന്റുമായി ടോട്ടനം ലീഗിൽ രണ്ടാമതാണ്.