കോൽക്കത്ത x ചെന്നൈ
Thursday, October 14, 2021 12:07 AM IST
ഷാർജ/ദുബായ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2021 സീസണ് കിരീടത്തിനായി ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും കൊന്പുകോർക്കും. നാളെ ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായിലാണ് സിഎസ്കെ x കെകെആർ ഫൈനൽ.
ക്വാളിഫയർ രണ്ടിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിനു കീഴടക്കിയാണ് കോൽക്കത്ത ഫൈനലിനു യോഗ്യത സ്വന്തമാക്കിയത്. 2012 സീസണിലെ ഫൈനലിന്റെ തനിയാവർത്തനമാണ് ഇത്തവണയും. അന്ന് സിഎസ്കെയെ അഞ്ച് വിക്കറ്റിന് കീഴടക്കി കെകെആർ കന്നിക്കിരീടം സ്വന്തമാക്കിയിരുന്നു.
ക്വാളിഫയർ ഒന്നിൽ ചെന്നൈയോട് പരാജയപ്പെട്ട ഡൽഹിക്ക് ഇന്നലെ നടന്ന ക്വാളിഫയർ രണ്ട് പോരാട്ടത്തിലും ജയിക്കാനായില്ല. സ്കോർ: ഡൽഹി 20 ഓവറിൽ 135/5. കോൽക്കത്ത 19.5 ഓവറിൽ 136/7.
ടോസ് ജയിച്ച കോൽക്കത്ത ഡൽഹിയെ ബാറ്റിംഗിനയച്ചു. 39 പന്തിൽ 36 റണ്‍സ് നേടിയ ശിഖർ ധവാനും 27 പന്തിൽ 30 റണ്‍സുമായി പുറത്താകാതെനിന്ന ശ്രേയസ് അയ്യറും മാത്രമാണ് ഡൽഹി ഇന്നിംഗ്സിൽ തിളങ്ങിയത്. കോൽക്കത്തയ്ക്കായി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും (46) വെങ്കിടേഷ് അയ്യറും (55) മികച്ച തുടക്കമിട്ട് ജയത്തിലേക്ക് ടീമിനെ കൈപിടിച്ചു.
അവസാന നിമിഷം പതറിയ കോൽക്കത്തയെ സിക്സിലൂടെ രാഹുൽ ത്രിപാഠി (12 നോട്ടൗട്ട്) ആണ് ജയത്തിലെത്തിച്ചത്.