ജെർമയ്ൻ തോളിലേറി വിൻഡീസ്
Monday, July 13, 2020 12:15 AM IST
സതാംപ്ടണ്: കൊറോണ കാലത്തിലെ ആദ്യ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനു ജയം. കടഞ്ഞെടുത്ത ബാറ്റിംഗ് ചാരുതയുമായി ജെർമയ്ൻ ബ്ലാക്വുഡ് വിൻഡീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.154 പന്തിൽ 95 റൺസ് നേടിയ ബ്ലാക്വുഡ് ആണ് വിൻഡീസിന്റെ രണ്ടാം ഇന്നിംഗ്സിൽ നിർണായക സാന്നിധ്യമായത്. 200 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ വിൻഡീസ് ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ജയം സ്വന്തമാക്കി. 2000നുശേഷം ഇംഗ്ലണ്ടിൽ വെസ്റ്റ് ഇൻഡീസിന്റെ രണ്ടാമത്തെ മാത്രം ജയമാണിത്. സ്കോർ: ഇംഗ്ലണ്ട് 204, 313. വെസ്റ്റ് ഇൻഡീസ് 318, ആറിന് 200. ഇതോടെ മൂന്ന് മത്സര പരന്പരയിൽ വിൻഡീസ് 1-0ന്റെ ലീഡ് സ്വന്തമാക്കി.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 313ൽ അവസാനിപ്പിച്ചാണ് വിൻഡീസ് കൊറോണ ടെസ്റ്റ് ജയത്തിനായി ക്രീസിലെത്തിയത്. അവസാന ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചപ്പോൾ സന്ദർശകർക്ക് കനത്ത തിരിച്ചടി ലഭിച്ചു. 27 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ അവർക്ക് നഷ്ടപ്പെട്ടു. എന്നാൽ, ജെർമയ്ൻ ബ്ലാക്വുഡും ഷെയ്ൻ ഡൗറിച്ചും ചേർന്ന് വിൻഡീസിനെ കൈപിടിച്ചുയർത്തി. നാല് മുൻനിര ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായതിനുശേഷം ചേസ്-ബ്ലാക്വുഡ് കൂട്ടുകെട്ട് വിൻഡീസിനെ 100 കടത്തി. തുടർന്ന് ഡൗറിച്ചിനൊപ്പം ചേർന്ന ബ്ലാക്വുഡ് വിൻഡീസിനെ മുന്നോട്ടു നയിച്ചു. സ്കോർ 168ൽ എത്തിയപ്പോൾ ഡൗറിച്ചിനെ (20) ബെൻ സ്റ്റേക്സ് പുറത്താക്കി. എന്നാൽ, പിന്നീടെത്തിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറിനൊപ്പം ചേർന്ന് ബ്ലാക്വുഡ് വിൻഡീസിനെ ജയത്തിലെത്തിച്ചു.