ക്രിക്കറ്റ് 4.0, ‘ദ ഹണ്ഡ്രഡ് ’
Monday, October 21, 2019 10:55 PM IST
ലണ്ടൻ: ക്രിക്കറ്റ് എന്ന കായിക വിനോദത്തിന്റെ നാലാം ജനറേഷൻ അടുത്ത വർഷം ജൂലൈയിൻ ബ്രിട്ടനിൽ അരങ്ങേറും. ക്രിക്കറ്റിന്റെ നാലാം ജനറേഷനെ അടവച്ച് വിരിയിക്കാനുള്ള ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) ശ്രമങ്ങൾ താര ലേലവും കഴിഞ്ഞ് നിൽക്കുന്നു. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നിവയ്ക്കുശേഷം ക്രിക്കറ്റിന്റെ ദ ഹണ്ഡ്രഡ് എന്ന 4.0 വേർഷനാണ് ഇസിബി 2020 ജൂലൈയിൽ അവതരിപ്പിക്കുക.
ദ ഹണ്ഡ്രഡ് എന്നാൽ
100 പന്തുകൾ: ഒരു ഇന്നിംഗ്സിൽ 100 പന്തുകൾ എന്നതാണ് ദ ഹണ്ഡ്രഡ് എന്നതുകൊണ്ട് ഇസിബി ഉദ്ദേശിക്കുന്നത്. അതാണ് ഈ ക്രിക്കറ്റിന്റെ ഹൈലൈറ്റും. രണ്ട് ഇന്നിംഗ്സിലുമായി 200 പന്തുകളാണുള്ളത്. ട്വന്റി-20യിൽ ഒരു ഇന്നിംഗ്സിലുള്ള 120 പന്തിൽനിന്ന് ദ ഹണ്ഡ്രഡിൽ എത്തുന്പോൾ 20 പന്തിന്റെ കുറവ്. ഒരു ഓവർ എന്നാൽ 10 പന്ത് ആണ്. 10 പന്തിനുശേഷം ബൗളറെ മാറാം. അതേസമയം, അഞ്ച് പന്തിനുശേഷം ബൗളറെ മാറാനുള്ള അവസരവുമുണ്ട്. അത് ബൗളിംഗ് ടീം ക്യാപ്റ്റന്റെ തീരുമാനത്തിനനുസരിച്ച് ചെയ്യാവുന്നതാണ്. ടീമിലെ രണ്ട് ബൗളർമാർക്ക് തുടർച്ചയായി 10 പന്ത് (ഒരു ഓവർ) എറിയാം. ഒരു ബൗളർക്ക് മാക്സിമം 20 പന്ത് ആണ് മത്സരത്തിൽ എറിയാൻ സാധിക്കുക.
ടൈം ഒൗട്ട്: മത്സരത്തിൽ രണ്ട് ടീമുകൾക്കും 2.30 സെക്കൻഡ് ടൈം ഒൗട്ട് ലഭിക്കും. ഈ സമയത്ത് പരിശീലകന് മൈതാനത്ത് എത്തി തന്ത്രങ്ങളും ഉപദേശവും നല്കാം.
പവർ പ്ലേ: ഇന്നിംഗ്സിന്റെ തുടക്കത്തിൽ 25 പന്ത് വരെ പവർ പ്ലേ. പവർ പ്ലേയിൽ 30 വാര സർക്കിളിനു പുറത്ത് രണ്ട് ഫീൽഡർമാർ മാത്രമേ പാടുള്ളൂ.
ടീം: ഒരു മത്സരം കൂടിപ്പോയാൽ രണ്ടര മണിക്കൂർ മാത്രമാണ് ഉണ്ടാകുക. മൂന്ന് വിദേശ താങ്ങൾ ഉൾപ്പെടെ 15 അംഗ ടീമാണ് വേണ്ടത്. നിലവിൽ ബ്രിട്ടനിലെ ഏഴ് നഗരങ്ങളെ പ്രതിനിധീകരിച്ച് എട്ട് ടീമുകളാണ് പ്രഥമ ദ ഹണ്ഡ്രഡിൽ പങ്കെടുക്കുക. ലണ്ടനിൽനിന്ന് രണ്ട് ടീമുകൾ ഉണ്ട്. എല്ലാ ടീമുകൾക്കും പുരുഷ-വനിതാ സംഘമുണ്ട്.
താര ലേലം
ലണ്ടനിൽ ഞായറാഴ്ച രാത്രി നടന്ന പ്രഥമ ദ ഹണ്ഡ്രഡ് ആദ്യഘട്ട താര ലേലത്തിൽ 96 താരങ്ങളെയാണ് എട്ട് ടീമുകൾ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ആരോണ് ഫിഞ്ച്, മിച്ചൽ സ്റ്റാർക്ക്, പാക്കിസ്ഥാന്റെ മുഹമ്മദ് അമീർ, ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിർ, ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണ്, അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാൻ, വെസ്റ്റ് ഇൻഡീസിന്റെ ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ തുടങ്ങിയവരെ വിവിധ ടീമുകൾ സ്വന്തമാക്കി.