സൂപ്പർ ഹിറ്റ്മാൻ
Saturday, October 19, 2019 11:55 PM IST
റാഞ്ചി: ഹിറ്റ്മാൻ സൂപ്പർ സിക്സ്മാൻ ആയപ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങൾക്കുമേൽ കാർമേഘങ്ങൾ പരന്നു. മഴമേഘത്തെപോലും ശാസിച്ചുള്ള രോഹിതിന്റെ ഇന്നിംഗ്സ് റാഞ്ചി ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് അനുകൂലമാക്കി. 117 റണ്‍സുമായി പുറത്താകാതെനിന്ന രോഹിതിനൊപ്പം അജിങ്ക്യ രഹാനെയും (83 നോട്ടൗട്ട്) ചേർന്നപ്പോൾ മൂന്നിന് 39 റണ്‍സ് എന്ന നിലയിൽനിന്ന് ഇന്ത്യ മുന്നേറി. വെളിച്ചക്കുറവും മഴ ഭീഷണിയും കാരണം ഇന്നലെ മത്സരം 58 ഓവർ മാത്രമാണ് നടന്നത്. ദക്ഷിണാഫ്രിക്കയുടെ ന്യൂബോൾ ആക്രമണത്തിൽ 12/1, 16/2 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ തുടക്കം.
മുംബൈ സഖ്യം
മുംബൈ താരങ്ങളായ രോഹിത് - രഹാനെ സഖ്യത്തിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ കൈപിടിച്ചുയർത്തിയത്. നാലാം വിക്കറ്റിൽ ഇരുവരും 185 റണ്‍സ് നേടി. മായങ്ക് അഗർവാൾ (10 റണ്‍സ്), ചേതേശ്വർ പൂജാര (പൂജ്യം), വിരാട് കോഹ്ലി (12 റണ്‍സ്) എന്നിവർ പുറത്തായശേഷമായിരുന്നു മുംബൈ സഖ്യം ഒന്നിച്ചത്. ആൻറിച്ച് നോർഷെയുടെ പന്തിൽ കോഹ്ലിയെ എൽബിഡബ്ല്യു വിളിച്ച അന്പയർ നീൽ ലോംഗിന്റെ തീരുമാനം റിവ്യൂ ചെയ്തെങ്കിലും ഫലം അനുകൂലമായില്ല. തുടർച്ചയായ ഒന്‍പതാം തവണയാണ് കോഹ്ലിക്ക് സ്വന്തം ഒൗട്ടിന്റെ കാര്യത്തിൽ റിവ്യൂ പിഴയ്ക്കുന്നത്.
164 പന്തിൽ 14 ഫോറും നാല് സിക്സും ഉൾപ്പെടെയാണ് 117 റണ്‍സുമായി രോഹിത് ക്രീസിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജിനു പകരം ഇടംകൈ സ്പിന്നറായ ജോർജ് ലിൻഡ് ടെസ്റ്റിൽ അരങ്ങേറി. എൻഗിഡി, സുബയർ ഹംസ, ഹെൻറിച്ച് ക്ലാസെൻ എന്നിവരും പ്ലേയിംഗ് ഇലവണിലെത്തി.
സിക്സർ റിക്കാർഡ്
ഒരു ടെസ്റ്റ് പരന്പരയിൽ ഏറ്റവും അധികം സിക്സർ പറത്തിയതിന്റെ റിക്കാർഡ് ഇനി രോഹിത് ശർമയ്ക്ക്. ഈ പരന്പരയിൽ രോഹിതിന്റെ ബാറ്റിൽനിന്ന് പിറന്ന സിക്സറുകളുടെ എണ്ണം 16ൽ എത്തി. 2018-19ൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരന്പരയിൽ വെസ്റ്റ് ഇൻഡീസിനായി 15 സിക്സർ പറത്തിയ ഷിംറോണ്‍ ഹെറ്റ്മേയറിന്റെ റിക്കാർഡാണ് തകർന്നത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: മായങ്ക് സി എൽഗർ ബി റബാദ 10, രോഹിത് നോട്ടൗട്ട് 117, പൂജാര എൽബിഡബ്ല്യു ബി റബാദ 0, കോഹ്ലി എൽബിഡബ്ല്യു ബി നോർഷെ 12, രഹാനെ നോട്ടൗട്ട് 83, എക്സ്ട്രാസ് 2, ആകെ 58 ഓവറിൽ മൂന്നിന് 224.
ബൗളിംഗ്: റബാദ 14-5-54-2, എൻഗിഡി 11-4-36-0, നോർഷെ 16-3-50-1, ലിൻഡ് 11-1-40-0, പീഡ്റ്റ് 6-0-43-0.