സാന്താക്ലോസ് റാലിക്ക് ഒരുങ്ങി വിപണി
ഓഹരി അവലോകനം/സോണിയ ഭാനു
Monday, December 16, 2024 1:26 AM IST
സാന്താക്ലോസ് റാലിക്ക് ഇന്ത്യന്‍ ഓഹരി വിപണി അണിഞ്ഞൊരുങ്ങുന്നു. വിദേശ ഓപ്പറേറ്റര്‍മാര്‍ വില്പനക്കാന്റെ മേലങ്കി പൂര്‍ണമായി അഴിച്ചുമാറ്റുന്നതോടെ വിപണിയില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തിരിതെളിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശിക നിക്ഷേപകര്‍. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപത്തിന് അനുദിനം ഉത്സാഹിക്കുന്നത് കണ്ട് വിദേശ ഫണ്ടുകള്‍ ബ്ലൂചിപ്പ് ഓഹരികളില്‍ പിടിമുറുക്കി.
ഒക്ടോബറിലും നവംബറിലും വില്പന സമ്മര്‍ദം സൃഷ്ടിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റിനെ ഉഴുതുമറിച്ച വിദേശ ഫണ്ടുകള്‍ ലക്ഷ്യംവച്ച ബോട്ടം ഫിഷിംഗിന് അവര്‍ക്ക് അവസരം ലഭിച്ചില്ല, അതുകൊണ്ടുതന്നെ കിട്ടുന്ന റേഞ്ചില്‍ പുതിയ വാങ്ങലുകള്‍ നടത്തുകയാണ്. കഴിഞ്ഞ മാസത്തെ തിരുത്തലില്‍ പന്ത്രണ്ട് ശതമാനം ഇടിവ് അവര്‍ കണക്കുകൂട്ടിയെങ്കിലും തിരുത്തല്‍ പത്തു ശതമാനത്തില്‍ അവസാനിച്ചു. സെന്‍സെക്സ് 424 പോയിന്റും നിഫ്റ്റി സൂചിക 90 പോയിന്റും പ്രതിവാര മികവിലാണ്. ചുരുങ്ങിയ ആഴ്ചകളില്‍ അഞ്ച് ശതമാനം ഉയര്‍ന്ന വിപണി തുടര്‍ച്ചയായ നാലാം വാരമാണ് നേട്ടത്തില്‍. വാരാന്ത്യ ദിനത്തില്‍ നിഫ്റ്റി ഫ്യൂച്ചറില്‍ ഊഹക്കച്ചവടക്കാര്‍ ഷോര്‍ട്ട് കവറിഗിന് മത്സരിച്ചു.
നിഫ്റ്റി
24,677 പോയിന്റില്‍ ട്രേഡിംഗ് തുടങ്ങിയ നിഫ്റ്റി 24,792 പോയിന്റ് വരെ ഉയര്‍ന്നു. നവംബര്‍ രണ്ടാം പകുതിയില്‍ 23,301 പോയിന്റില്‍ ലഭിച്ച ട്രെൻഡ് ലൈന്‍ സപ്പോര്ട്ടില്നിന്നുള്ള തിരിച്ചുവരവില്‍ ഇതിനകം 1491 പോയിന്റ് കയറി. ഏകദേശം പതിനഞ്ച് പ്രവത്തി ദിനങ്ങളില്‍ കൈവരിച്ച കരുത്തില്‍ വിപണിയുടെ സാങ്കേതിക വശങ്ങളും ബുള്ളിഷായി. വാരാന്ത്യം 24,768ല്‍ നിലകൊള്ളുന്ന നിഫ്റ്റി 24,980ലേക്ക് ഉയരാനുള്ള കരുത്ത് സ്വരൂപിക്കുകയാണെങ്കിലും നിര്‍ണായകമായ 25,000ല്‍ ലാഭമെടുപ്പിനുള്ള നീക്കമുണ്ടായാലും 25,172നെ കൈപിടിയില്‍ ഒതുക്കാന്‍ ശ്രമം നടക്കാം.
വര്‍ഷാന്ത്യം അടുക്കുന്നതിനാല്‍ ഫണ്ടുകള്‍ ഉയര്‍ന്ന തലത്തില്‍ ലാഭമെടുപ്പ് നടത്താം. അവരുടെ പ്രോഫിറ്റ് ബുക്കിംഗ് വില്പന സമ്മര്‍ദത്തിലേക്ക് വഴുതിയാല്‍ നിഫ്റ്റിക്ക് 24,368ല്‍ ആദ്യ താങ്ങ് പ്രതീക്ഷിക്കാം. ഇത് തകര്‍ന്നാല്‍ 23,968ല്‍ സപ്പോര്‍ട്ട് ലഭിക്കും. ഡെയ്ലി ചാര്‍ട്ടില്‍ എംഎസിഡി ബുള്ളിഷായെങ്കിലും വീക്കിലി ചാര്‍ട്ടില്‍ ദുര്‍ബലാവസ്ഥയിലാണ്. സൂപ്പര്‍ ട്രെൻഡ് കുതിപ്പിന് പച്ചക്കൊടി ഉയര്‍ത്തുമ്പോള്‍ പാരാബോളിക്ക് എസ്എആര്‍ സെല്‍ സിഗ്നല്‍ നല്‍കിയത് ഒരു വിഭാഗം ഓപ്പറേറ്റര്‍മാരെയും വില്‍പനക്കാരാക്കാം. മറ്റ് പല ഇന്‍ഡിക്കേറ്ററുകളും ഓവര്‍ ബോട്ടായതും ഊഹക്കച്ചവടക്കാരെ വില്പനയ്ക്ക് പ്രേരിപ്പിക്കാം.
നിഫ്റ്റി ഫ്യൂച്ചർ മുന്‍വാരം സൂചിപ്പിച്ച കണക്കുകള്‍ ശരിവച്ചു. ബുള്‍ ഓപ്പറേറ്റര്‍മാരുടെ മികവില്‍ ക്രിസ്മസിന് മുന്നേ ഡിസംബര്‍ ഫ്യൂച്ചര്‍ 24,800ലേക്ക് ഉയരുമെന്ന വിലയിരുത്തല്‍ ശരിവച്ച് 24,831ലേക്ക് കയറി, പുതിയ സാഹചര്യത്തില്‍ ഡിസംബര്‍ ഫ്യൂചര്‍ 25,225-22,250 നെ ഉറ്റ്നോക്കാം.
ഇന്ത്യാ വോളാറ്റിലിറ്റി ഇന്‍ഡെക്സ് പത്തു ശതമാനം ഇടിഞ്ഞ് 13.05ലേക്ക് താഴ്ന്നത് ഓഹരിയില്‍ വാങ്ങല്‍ താത്പര്യം വര്‍ധിപ്പിച്ചു. നിലവിലെ സ്ഥിതിഗതിയില്‍ വോളാറ്റിലിറ്റി സൂചിക 11.92ലെ സപ്പോര്‍ട്ട് തകര്‍ത്താല്‍ 11.12വരെ നീങ്ങാം. നിക്ഷേപകര്‍ക്ക് വിപണിയില്‍ പ്രവേശിക്കാന്‍ ഏറ്റവും അനുയോജ സമയമാവും ആ താഴ്ച.
സെന്‍സെക്സ്
സെന്‍സെക്സ് 81,709 പോയിന്റില്‍നിന്നു ഒരവസരത്തില്‍ 80,156ലേക്ക് താഴ്ന്നശേഷം തിരിച്ചുവരവില്‍ 81,666 പോയിന്റിലെ പ്രതിരോധം തകര്‍ത്ത് 82,213വരെ കയറി. മാര്‍ക്കറ്റ് ക്ലോസിംഗില്‍ സൂചിക 82,133ലാണ്. ഈവാരം 82,845ലെ ആദ്യ തടസം മറികടന്ന് 83,557 പോയിന്റിനെ ലക്ഷ്യമാക്കാം, വിപണിയുടെ താങ്ങ് 80,788 79,443 പോയിന്റിലാണ്.
സാമ്പത്തിക മേഖലയിലെ പ്രതിസന്ധികള്‍ക്കിടയില്‍ രൂപയ്ക്ക് സര്‍വകാല റിക്കാര്‍ഡ് തകര്‍ച്ച. പിന്നിട്ട ഒരു മാസമായി ഇതേ കോളത്തില്‍ സൂചിപ്പിച്ചതാണ് സന്പദ്ഘടന കൂടുതല്‍ പരിങ്ങലിലേക്ക് നീങ്ങുന്നതിനാല്‍ പലിശനിരക്കുകളില്‍ ഭേദഗതികള്‍ അനിവാര്യമെന്ന കാര്യം. രൂപയുടെ മൂല്യം 84.65ല്‍നിന്നു കഴിഞ്ഞവാരം സൂചിപ്പിച്ച പ്രതിരോധമായ 84.90ന് ഒരു പൈസ വ്യത്യാസത്തില്‍ 84.89ലേക്ക് ദുര്‍ബലമായി. രൂപയുടെ ചലനങ്ങള്‍ വീക്ഷിച്ചാല്‍ 85.20ലേക്ക് മൂല്യം ഇടിയാം.
വിദേശ ഫണ്ടുകള്‍ 4572.25 കോടി രൂപയുടെ ഓഹരി വില്പനയും 4245.55 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകള്‍ 5260.39 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി, 2380.27 കോടി രൂപയുടെ വില്പനയും നടത്തി.
സ്വര്‍ണ വില വീണ്ടും ചാഞ്ചാടി. ട്രോയ് ഔണ്‍സിന് 2632 ഡോളറില്‍നിന്നു 2700 ഡോളറിലെ പ്രതിരോധം തകര്‍ത്ത് 2724 വരെ കയറിയതിനിടയില്‍ ഫണ്ടുകള്‍ ലാഭമെടുപ്പിന് ഇടങ്ങിയത് മഞ്ഞലോഹത്തെ 2647 ഡോളിലേക്ക് തളര്‍ത്തി. വാങ്ങല്‍ താത്പര്യം പൊടുന്നനെ കുറഞ്ഞെങ്കിലും 2584 ഡോളറിലെ സപ്പോര്‍ട്ട് നിലനില്ക്കുവോളം സ്വര്‍ണം സാങ്കേതികമായി ബുള്ളിഷാണ്. പുതുവര്‍ഷം സ്വര്‍ണം 2924 ഡോളറിന് മുകളില്‍ ഇടംപിടിക്കാം.