ഹെലി ടൂറിസം: യാത്രാ ബുക്കിംഗിന് പ്രത്യേക ആപ്പ് പുറത്തിറക്കും
Monday, December 16, 2024 1:26 AM IST
കൊല്ലം: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി യാത്ര ബുക്ക് ചെയ്യാൻ ടൂറിസം വകുപ്പ് പ്രത്യേക ആപ്പ് പുറത്തിറക്കും. ടിക്കറ്റ് തുക ഉൾപ്പെടെ എല്ലാ വിവരങ്ങളും ആപ്പിലൂടെ അറിയാനാകും. യാത്രയിൽ പാലിക്കേണ്ട മുൻകരുതലും നിർദേശങ്ങളുമുണ്ടാകും.
മന്ത്രിസഭ പാസാക്കിയ ഹെലി-ടൂറിസം നയത്തിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും ആപ്പ് തയാറാക്കുക. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെടിഐഎൽ) ആയിരിക്കും ഹെലി ടൂറിസം പദ്ധതിയുടെ ഏകോപന ചുമതല.
വ്യോമയാന മന്ത്രാലയം, ഗതാഗതം, തദ്ദേശം, ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെയാകും പ്രവർത്തനം. സംസ്ഥാനത്ത് ഹെലിപാഡുകളും ഹെലിസ്റ്റേഷനുകളും നിർമിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനു വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സർവേയും സാധ്യതാപഠനവും നടത്തും. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെലികോപ്ടർ കമ്പനികളുടെ നേതൃത്വത്തിൽ ഇൻഷ്വറൻസ് പദ്ധതിയും നടപ്പാക്കും.
പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ നിക്ഷേപകർക്ക് സ്വന്തം സ്ഥലങ്ങളിലോ സർക്കാർ ഭൂമിയിലോ ഹെലിപാഡുകളും ഹെലിപോർട്ടുകളും എയർസ്ട്രിപ്പുകളും നിർമിക്കാൻ പ്രത്യേക സബ്സിഡിയും ഇളവുമുണ്ട്.