കേരള സോപ്സ് ഗള്‍ഫിലേക്ക്
Thursday, July 11, 2024 12:20 AM IST
കൊച്ചി: പൊതുമേഖലാസ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്ഐഇ) യൂണിറ്റായ കേരള സോപ്സ് നിര്‍മിക്കുന്ന പ്രീമിയം ഉത്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ആദ്യഘട്ടത്തില്‍ ഒരു കണ്ടെയ്നര്‍ ഉത്പന്നങ്ങള്‍ കയറ്റി അയയ്ക്കാനാണു തീരുമാനം.
കേരള സോപ്സിന്റെ സാന്നിധ്യം ആഗോളവിപണിയില്‍ ശക്തമാക്കുകയാണു ലക്ഷ്യം. പായ്ക്കിംഗില്‍ ഉള്‍പ്പെടെ പുത്തന്‍ രൂപത്തിലാകും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുക. അറബിക് ഭാഷയിലും സോപ്പ് കവറുകളില്‍ എഴുത്തുണ്ടാകും.
നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വില്പന രംഗത്തുള്ള ഏജന്‍സികളെ ആശ്രയിച്ചാകും കേരള സോപ്സിന്റെയും വില്പന. കേരള സോപ്സ് കയറ്റുമതിയുടെ ഉദ്ഘാടനം 13ന് എറണാകുളം ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് നിര്‍വഹിക്കും. പുതുതായി വിപണിയിലിറക്കുന്ന കേരള സോപ്സ് ഉത്പന്നങ്ങളുട വിതരണോദ്ഘാടനവും ചടങ്ങില്‍ നടക്കും.
കേരള സോപ്സിന്റെ പകുതിയിലധികം വിപണിയും സംസ്ഥാനത്തിനു പുറത്താണ്. ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലാണ് ഭൂരിഭാഗം വില്പനയും. വൈകാതെ ജിസിസി രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വിപുലീകരിക്കുമെന്ന് കേരള സോപ്സ് ചെയര്മാന് ഫിലിപ്പോസ് തോമസ് പറഞ്ഞു.
കേരള സാന്ഡല് ശ്രേണിയില്‍പ്പെട്ട ലിക്വിഡ് ഹാന്‍ഡ് വാഷ്, വാഷ്വെല്‍ ഡിറ്റര്‍ജന്റ്, ക്ലീന്വെല് ഫ്ളോര്‍ ക്ലീനര്‍, ഷൈന്വെല് ഡിഷ് വാഷ്, ടോയ്ലറ്റ് സോപ്പുകളായ കോഹിനൂര്‍ സാന്ഡല് ടര്‍മെറിക്, ത്രില്‍ ലാവെന്‍ഡര്‍, ത്രില്‍ റോസ്, ത്രില്‍ വൈറ്റ് എന്നിവയാണു പുതിയതായി പുറത്തിറക്കുന്ന ഉത്പന്നങ്ങള്‍.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ 3,000ത്തോളം വരുന്ന ഔട്ട്ലറ്റുകള് വഴിയും കേരള സോപ്സ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലെ 14 ജില്ലകളിലായി 85ഓളം വരുന്ന വിതരണക്കാരിലൂടെയാണ് വിപണിയില്‍ കേരള സോപ്സിന്റെ വിപണനശൃംഖല വ്യാപിപ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം അവസാനത്തോടെ വിതരണക്കാരുടെ എണ്ണം 150 ലേക്ക് ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.