രാജ്യത്തെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് 60.1 ശതമാനം
Monday, April 7, 2025 12:43 AM IST
ന്യൂഡൽഹി: രാജ്യത്തെ15നും അതിനു മുകളിലും പ്രായമുള്ളവരുടെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് 2023-24ൽ 60.1 ശതമാനമായി ഉയർന്നു. 2017-18ൽ ഇത് 49.8 ശതമാനമായിരുന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക് വകുപ്പ് പുറത്തിറക്കിയ ‘ഇന്ത്യയിലെ സ്ത്രീകളും പുരുഷന്മാരും 2024: തെരഞ്ഞെടുത്ത സൂചകങ്ങളും ഡാറ്റയും’ ഇരുപത്തിയാറാമത് പതിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
പ്രൈമറി, ഹയർ സെക്കൻഡറി തലങ്ങളിൽ സ്ഥിരമായി ഉയർന്ന ലിംഗ സമത്വ സൂചികയാണുള്ളത്. ഇത് ഉയർന്ന സ്ത്രീ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു. അപ്പർ പ്രൈമറി, എലിമെന്ററി തലങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും ഏകദേശം തുല്യതയോടടുത്ത് തന്നെ തുടരുന്നു.
എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും വിഹിതത്തിൽ 39.2 ശതമാനം സ്ത്രീകളുടേതാണ്. മൊത്തം നിക്ഷേപത്തിന്റെ 39.7 ശതമാനം സ്ത്രീകളുടെ വകയാണ്. ഗ്രാമപ്രദേശങ്ങളിലാണ് സ്ത്രീ പങ്കാളിത്തം ഏറ്റവും ഉയർന്നത്. അവിടെ അക്കൗണ്ട് ഉടമകളിൽ 42.2 ശതമാനം സ്ത്രീകളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡിമാറ്റ് അക്കൗണ്ടിൽ കഴിഞ്ഞ വർഷങ്ങളായി ഉണ്ടായ വർധന, ഓഹരി വിപണിയിലെ വർധിച്ചുവരുന്ന പങ്കാളിത്തം വ്യക്തമാക്കുന്നു. 2021 മാർച്ച് 31 മുതൽ 2024 നവംബർ 30 വരെ, ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 33.26 ദശലക്ഷത്തിൽ നിന്ന് നാലിരട്ടിയിലധികം വർധനയോടെ 143.02 ദശലക്ഷമായി ഉയർന്നു. അക്കൗണ്ട് ഉടമകളിൽ പുരുഷന്മാരുടെ എണ്ണം,സ്ഥിരമായി സ്ത്രീകളേക്കാൾ കൂടുതലാണ്. എന്നാൽ ക്രമേണ സ്ത്രീ പങ്കാളിത്തവും വളരുന്ന പ്രവണത കാണിക്കുന്നുണ്ട്.
അക്കൗണ്ട് ഉടമകളിൽ പുരുഷന്മാരുടെ എണ്ണം 2021ൽ 26.59 ദശലക്ഷത്തിൽ നിന്ന് 2024ൽ 115.31 ദശലക്ഷമായി ഉയർന്നപ്പോൾ സ്ത്രീ അക്കൗണ്ടുകൾ 6.67 ദശലക്ഷത്തിൽനിന്ന് 27.71 ദശലക്ഷമായി വർധിച്ചു.
ഉത്പാദനം, വ്യാപാരം, മറ്റ് സേവന മേഖലകളിലായി സ്ത്രീകൾ നേതൃത്വം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ വിഹിതത്തിൽ 2021-22, 2022-23, 2023-24 വർഷങ്ങളിൽ വർധന ഉണ്ടായതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
വോട്ടർമാർ 97.8 കോടി
രാജ്യത്തെ വോട്ടർമാരുടെ എണ്ണം 1952ലെ 17.32 കോടിയിൽനിന്ന് 2024ൽ 97.8 കോടിയായി വർധിച്ചു. സ്ത്രീ വോട്ടർ രജിസ്ട്രേഷനിൽ ശ്രദ്ധേയമായ വർധനയുണ്ടായി. സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ വർഷങ്ങളായി വ്യത്യാസമുണ്ട്. 2019ൽ 67.2 ശതമാനമായിരുന്നത് 2024ൽ 65.8 ശതമാനമായി കുറഞ്ഞു. വോട്ടിംഗിലെ ലിംഗ വ്യത്യാസം കുറഞ്ഞുവെന്നും 2024ൽ സ്ത്രീ പങ്കാളിത്തം പുരുഷ പങ്കാളിത്തത്തെ മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്റ്റാർട്ടപ്പുകളിൽ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉള്ളവയുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. അത്തരം സ്റ്റാർട്ടപ്പുകളുടെ ആകെ എണ്ണം 2017ലെ 1943 ൽ നിന്ന് 2024ൽ 17,405 ആയി ഉയർന്നു.