റേറ്റ് കുറയ്ക്കുമെന്ന് പ്രതീക്ഷ; പണനയ അവലോകന യോഗം ഇന്നു മുതൽ
Monday, April 7, 2025 12:43 AM IST
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) 2025-26 സാന്പത്തിക വർഷത്തിലെ ആദ്യ പണനയ അവലോകന യോഗം ഇന്ന് ആരംഭിക്കും. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷയതിൽ ആറംഗ പണനയ സമിതിയുടെ (എംപിസി) മൂന്ന് ദിവസത്തെ ചർച്ച ബുധനാഴ്ച രാവിലെ 10 മണിക്ക് നയ തീരുമാനം പ്രഖ്യാപിക്കുന്നതോടെ അവസാനിക്കും.
ഒരു സാന്പത്തിക വർഷം ആറു തവണയാണ് പണനയ സമിതി ചേരുന്നത്. അടുത്ത അഞ്ചെണ്ണം ജൂണ് 4 - 6, ഓഗസ്റ്റ് 5-7, സെപ്റ്റംബർ 29- ഒക്ടോബർ 1, ഡിസംബർ 3-5, ഫെബ്രുവരി 4-6 എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.
പണപ്പെരുപ്പം താരതമ്യേന നിയന്ത്രണത്തിലായതിനാൽ, വളർച്ച വർധിപ്പിക്കുന്നതിലേക്ക് കേന്ദ്ര ബാങ്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരിയിൽ നടന്ന മുൻ യോഗത്തിൽ, കമ്മിറ്റി ഏകകണ്ഠമായി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ചു (6.5% ൽ നിന്ന് 6.25% ആയി) കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ആദ്യമായിട്ടാണ് കുറവു വരുത്തയത്. പുതിയ സാന്പത്തിക വർഷത്തിലെ ആദ്യ പണനയ യോഗത്തിലും 25 ബേസിസ് പോയിന്റുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയാണുള്ളത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 11% മുതൽ 49% വരെ ഉയർന്ന തീരുവ ചുമത്തുമെന്ന് ട്രംപ് രണ്ടിന് പ്രഖ്യാപിച്ചു. ട്രംപ് നടത്തിയ പരസ്പര തീരുവ പ്രഖ്യാപനത്തെത്തുടർന്ന് ആഗോള വിപണിയിൽ ഉയർന്ന അനിശ്ചിതത്വത്തിനിടയിലാണ് പണനയ യോഗം ചേരുന്നത്.
ഉയർന്ന തീരുവ നിരക്കുകൾ പണപ്പെരുപ്പത്തിനും വ്യാപാര സംഘർഷങ്ങൾ വർധിക്കുന്നതിനും ലോക സന്പദ്വ്യവസ്ഥയിൽ ഇടിവിനും കാരണമാകുമെന്ന് ആശങ്കയുണ്ട്. ഈ തീരുവകൾ ബുധനാഴ് മുതൽ പ്രാബല്യത്തിൽ വരും - ആർബിഐ നയ തീരുമാനം പ്രഖ്യാപിക്കുന്ന അതേ ദിവസം തന്നെയാണ്.