അമേരിക്കൻ വ്യാപാര യുദ്ധം : റബർ കർഷകർക്കു കണ്ണീർ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, April 7, 2025 12:43 AM IST
അമേരിക്കൻ വ്യാപാരയുദ്ധത്തിൽ ആഗോള റബർ കർഷകരുടെ ചങ്കിൽ വെടിയേറ്റു, ഏഷ്യൻ മാർക്കറ്റുകളിൽ രക്തച്ചൊരിച്ചിൽ. സംസ്ഥാനത്ത് ഒരു വ്യാഴവട്ടത്തിനിടയിൽ കുരുമുളക് ഉത്പാദനത്തിൽ 25 ശതമാനം ഇടിവ്, കിട്ടുന്ന വിലയ്ക്ക് ചരക്ക് സംഭരിക്കാൻ വാങ്ങലുകാരുടെ പരക്കംപാച്ചിൽ. സ്വർണവിലയിൽ ശക്തമായ ചാഞ്ചാട്ടം.
അമേരിക്കൻ ഭരണകൂടം അമിതതീരുവ ഏർപ്പെടുത്തി കയറ്റുമതി രാജ്യങ്ങൾക്ക് മേൽ സമ്മർദം സൃഷ്ടിച്ചതോടെ ഏഷ്യൻ നാടുകളിലെ സാധാരണക്കാരായ റബർ കർഷകർ പ്രതിസന്ധിക്കു മുന്നിൽ അന്ധാളിച്ചു നിൽക്കുകയാണ്. വ്യവസായ മേഖല പ്രതിസന്ധിയെ ഏതുവിധം മറികടക്കുമെന്ന് ചിന്തിക്കുന്നതിനിടയിൽ ഊഹക്കച്ചവടക്കാർ വീണിടം വിഷ്ണുലോകമാക്കി മാറ്റുകയാണ്. ജപ്പാൻ, ചൈന, സിംഗപ്പുർ അവധിവ്യാപാര രംഗത്ത് വില്പനക്കാർ പിടിമുറുക്കിയത് ആഗോള റബർ വിപണിയുടെ ദിശയിൽ മാറ്റം ഉളവാക്കി.
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ സാങ്കേതികമായി ദുർബലാവസ്ഥയിലേക്ക് മുഖം തിരിച്ചു. 2023 ഓഗസ്റ്റ് മുതൽ ബുള്ളിഷായി നീങ്ങിയ റബർ 19 മാസത്തെ ഇടവേളയ്ക്കു ശേഷം പ്രതിവാര ചാർട്ടിൽ സെല്ലിംഗ് മൂഡിലേക്ക് തിരിഞ്ഞു. എഷ്യൻ റബർ വിപണിയുടെ ചുക്കാൻ നിയന്ത്രിക്കുന്ന ജപ്പാൻ അവധിവ്യാപാരരംഗത്തെ ഇത്തരം ഒരു അവസ്ഥയിലേക്കു തിരിയാൻ പ്രേരിപ്പിച്ചത് അമേരിക്കയുടെ തുഗ്ലക്ക് സാന്പത്തിക പരിഷ്കാരങ്ങൾ തന്നെയാണ്.
വാരത്തിന്റെ തുടക്കത്തിൽ കിലോ 348 യെന്നിൽ നീങ്ങിയ ഓഗസ്റ്റ് അവധി വാരാന്ത്യം 318 വരെ ഇടിഞ്ഞു. ഹ്രസ്വകാലയളവിലേക്ക് വീക്ഷിച്ചാൽ 267 യെന്നിൽ വിപണി പിടിച്ചുനിൽക്കാൻ ആദ്യശ്രമം നടത്തും. ഈ താങ്ങ് നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്താൽ റബർ 236 യെന്നിലേക്കും പരീക്ഷണങ്ങൾക്ക് നിർബന്ധിതമാകാം. അതേസമയം ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ ഈ വാരം 310 യെന്നിൽ സപ്പോർട്ട് കണ്ടെത്താൻ ശ്രമം നടത്താം.
പ്രതികൂല കാലാവസ്ഥയിൽ ഒട്ടുമിക്ക രാജ്യങ്ങളിലും റബർ ടാപ്പിംഗ് സ്തംഭിച്ചതിനാൽ ഷീറ്റ് വില ഇന്ന് ഉയരും, നാളെ ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു. അമേരിക്കയുടെ താരിഫ് ഭീതിയിലാണ് ബീജിംഗിലെ ഓട്ടോമൊബൈൽ മേഖല. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്നതും ടയർ കയറ്റുമതിയിലും വൻ ശക്തിയാണവർ. പ്രതികൂല സാഹചര്യം മൂലം റബർ സംഭരണം അവർ നിയന്ത്രിച്ചത് ബാങ്കോക്കിൽ ഷീറ്റ് വില 20,600നിന്നും 19,400ലേക്ക് ഇടിയാൻ കാരണമായി. സംസ്ഥാനത്ത് നാലാം ഗ്രേഡ് 20,600ൽനിന്നും 20,100 രൂപയായി.
കുരുമുളക് വിലയിൽ കുതിപ്പ്
കുരുമുളക് വില നിത്യേന ഉയർന്നത് ഉത്പാദകരെയും സ്റ്റോക്കിസ്റ്റുകളെയും ആവേശം കൊള്ളിച്ചു. വിപണികളിൽ ചരക്കുവരവ് ചുരുങ്ങിയതിനാൽ വാങ്ങലുകാർ നിരക്ക് ഉയർത്തിയെങ്കിലും പല അവസരത്തിലും കാര്യമായി സംഭരിക്കാനായില്ല.

കേരളത്തിൽ ഇക്കുറി കുരുമുളക് ഉത്പാദനം ഒരു വ്യാഴവട്ട കാലയളവിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ കർണാടകത്തിലും തമിഴ്നാട്ടിലും വിളവ് കുറഞ്ഞു. കർണാടകത്തിൽ മികച്ചയിനം കിലോ 825 രൂപയ്ക്ക് വരെ ഉത്തരേന്ത്യകാർ സംഭരിച്ച വിവരം വിപണിയുടെ അടിത്തറ ശക്തമാക്കും. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 71,600 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 8800 ഡോളർ.
ഏലക്കയ്ക്ക് ക്ഷാമം
ലേലത്തിനുള്ള ഏലക്കവരവ് കുറഞ്ഞു. സീസൺ അവസാനിച്ചതിനാൽ ഉയർന്ന വില ഉറപ്പ് വരുത്താനാകുമെന്ന നിഗമനത്തിലാണ് സ്റ്റോക്കിസ്റ്റുകൾ. ഈസ്റ്റർ, വിഷു ഡിമാൻഡ് മുന്നിൽ കണ്ട് ഇടപാടുകാർ ഏലക്ക ശേഖരിക്കുന്നുണ്ട്. എന്നാൽ അതിനുനുസൃതമായി വില ഉയർന്നില്ല. ഈസ്റ്റർ മുന്നിൽ കണ്ട് വിദേശ രാജ്യങ്ങളിൽനിന്നുള്ള അന്വേഷണങ്ങളുണ്ട്. ശരാശരി ഇനങ്ങൾ 2586 രൂപയിലും മികച്ചയിനങ്ങൾ 3033 രൂപയിലുമാണ്.
നാളികേരം ഉയർന്നുതന്നെ
നാളികേരോത്പന്നങ്ങൾ ശക്തമായ നിലയിൽ. വിളവെടുപ്പ് വേളയിലും പച്ചത്തേങ്ങയ്ക്ക് ക്ഷാമം നേരിട്ടത് വ്യവസായികളെ സമ്മർദത്തിലാക്കി. കേരളത്തിലും തമിഴ്നാട്ടിലും പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും വില്പനക്കാർ കുറവാണ്. മാസാരംഭമായതിനാൽ വെളിച്ചെണ്ണയുടെ പ്രദേശിക വില്പന ചൂടുപിടിച്ചത് കണ്ട് മില്ലുകാർ നിരക്കുയർത്തി കൊപ്ര വാങ്ങി. തമിഴ്നാട്ടിൽ കൊപ്ര റിക്കാർഡ് വിലയായ 18,200 രൂപയിലും കൊച്ചിയിൽ 17,600ലുമാണ്. ഇവിടെ വെളിച്ചെണ്ണ 26,500 രൂപ.
ആഭരണ വിപണികളിൽ മഞ്ഞലോഹം വെട്ടിത്തിളങ്ങിയ വാരമാണ് കടന്നുപോയത്. പവന്റെ വില 66,800 രൂപയിൽനിന്നും റിക്കാർഡായ 68,480 വരെ കയറിയ ശേഷം വാരാവസാനം നിരക്ക് 66,480 ലാണ്.