റിപ്പോ നിരക്ക് 6%
Wednesday, April 9, 2025 11:43 PM IST
മുംബൈ: പുതിയ സാന്പത്തിക വർഷത്തിലെ ആദ്യ പണനയത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. 2025ൽ തുടർച്ചയായ രണ്ടാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്.
ഫെബ്രുവരിയിലെ പണനയത്തിനു തുല്യമായി ഇത്തവണയും കാൽ ശതമാനമാണ് കുറച്ചത്. റിപ്പോ നിരക്ക് ആറു ശതമാനമായി. ഫെബ്രുവരിയിലെ ധനനയ യോഗത്തിൽ റിപ്പോ നിരക്ക് 6.25% ആയി കുറച്ചിരുന്നു.
യുഎസ് ഏർപ്പെടുത്തിയ പകരച്ചുങ്കത്തിന്റെ ആശങ്ക നിലനിൽക്കുന്നതിനിടെ, സാന്പത്തികമേഖലയ്ക്ക് കൂടുതൽ ഉണർവ് പകരുന്നതിനാണ് റിസർവ് ബാങ്ക് വീണ്ടും മുഖ്യപലിശനിരക്ക് കുറച്ചത്. ഇത് ബാങ്കുകളുടെ വായ്പാ ചെലവ് കുറയ്ക്കുകയും വ്യക്തിഗത ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ പണം വായ്പ നൽകാൻ പ്രാപ്തമാക്കുകയും വായ്പകൾക്കുള്ള ഇഎംഐകൾ കുറയ്ക്കുകയും ചെയ്യും.
റിപ്പോ നിരക്ക് കുറയ്ക്കാൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായാണ് വോട്ട് ചെയ്തതെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര എംപിസി യോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ സാന്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് ഇന്നലെ അവസാനിച്ചത്.
അഞ്ചു വർഷത്തിനിടെ ആദ്യമായിട്ടാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ആർബിഐ പണനയസമിതി അടിസ്ഥാന പലിശനിരക്കിൽ കാൽ ശതമാനം കുറവ് വരുത്തിയത്. ഫെബ്രുവരിയിലും ഏപ്രിലിലുമായി രണ്ടുതവണ പലിശ നിരക്ക് കുറച്ചതോടെ, റിപ്പോനിരക്കിൽ അരശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് ആറംഗ പണനയ നിർണയ സമിതി റിപ്പോ നിരക്ക് തുടർച്ചയായി രണ്ടാം തവണ കുറച്ചത്. ഭവന, വ്യക്തിഗത, വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്.
ജിഡിപി പ്രവചനത്തിൽ മാറ്റം
2026 സാന്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി വളർച്ച പ്രവചനം ആർബിഐ 6.7 ശതമാനത്തിൽ നിന്നും 6.5% ആയി കുറച്ചു. ആദ്യപാദത്തിൽ 6.5%, രണ്ടാം പാദത്തിൽ 6.7%, മൂന്നാം പാദത്തിൽ 6.6%, നാലാം പാദത്തിൽ 6.3% എന്നിങ്ങനെയാണ് ആർബിഐ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വളർച്ച പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന ഈ സാന്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി പ്രവചനം നേരത്തേ പ്രവചിച്ചതായിരുന്നു. എന്നാൽ യുഎസ് ഏർപ്പെടുത്തിയ അധിക നികുതി നിലവിൽവരുന്നതോടെ വളർച്ച കുറഞ്ഞേക്കുമെന്നുള്ള ആശങ്കൾക്കിടയിലാണ് ജിഡിപി കുറച്ചത്.
സിപിഐ പണപ്പെരുപ്പവും കുറച്ചു
2026 സാന്പത്തിക വർഷത്തിലെ കണ്സ്യൂമർ പ്രൈസ് ഇൻഡക്സ് (സിപിഐ-ഉപഭോക്തൃ വില സൂചിക) പണപ്പെരുപ്പത്തിലെ പ്രവചനത്തിലും ആർബിഐ മാറ്റം വരുത്തി. 4.2 ശതമാനത്തിൽനിന്ന് നാലു ശതമാനമാണ് നിലവിൽ കുറിച്ചിരിക്കുന്നത്. ആദ്യപാദത്തിൽ 3.6%, രണ്ടാം പാദത്തിൽ 3.9%, മൂന്നാം പാദത്തിൽ 3.8%, നാലാം പാദത്തിൽ 4.2% എന്നിങ്ങനെയാണ് ആർബിഐ പണപ്പെരുപ്പ പ്രവചനങ്ങൾ.
വായ്പയെടുക്കുന്നർക്ക് ഗുണം
വാണിജ്യ ബാങ്കുകൾക്ക് ആർബിഐ പണം വായ്പയായി നൽകുന്പോൾ ഈടാക്കുന്ന നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് കുറയുന്പോൾ, ബാങ്കുകൾക്ക് ആർബിഐയിൽനിന്ന് കുറഞ്ഞ ചെലവിൽ ഫണ്ട് കടം വാങ്ങാൻ കഴിയും.
ബാങ്കുകൾ ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറുകയാണെങ്കിൽ, ഭവന വായ്പകൾ, വാഹന വായ്പകൾ അല്ലെങ്കിൽ മറ്റ് തരത്തിലുള്ള വായ്പകൾ എടുക്കുന്ന ആളുകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ഇവ ലഭിച്ചേക്കാം. ഇതിനർഥം ചെറിയ ഇഎംഐകൾ (തുല്യമായ പ്രതിമാസ തവണകൾ) ലഭിക്കുകയും കടം വാങ്ങുന്നവരിൽ കുറഞ്ഞ സാന്പത്തിക സമ്മർദം ഉണ്ടാകുകയും ചെയ്യും എന്നാണ്.