റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു, പലിശ കുറയും
Thursday, April 10, 2025 2:51 AM IST
മുംബൈ: റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ (25 ബേസിസ് പോയിന്റ്) കുറവ് വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആറു ശതമാനമാണ് റിപ്പോ നിരക്ക്. തുടർച്ചയായ രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്.
ഭവന, വാഹന, കാർഷിക വായ്പകളെടുത്തവർക്ക് ആശ്വാസകരമാണ് ആർബിഐയുടെ തീരുമാനം. പലിശനിരക്കിൽ കാൽ ശതമാനം കുറവു വന്നതോടെ പ്രതിമാസ തിരിച്ചടവ് തുകയിൽ കുറവുണ്ടാകും. റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്കു നല്കുന്ന വായ്പയ്ക്കു ചുമത്തുന്ന പലിശനിരക്കാണു റിപ്പോ.
അമേരിക്ക ഏർപ്പെടുത്തിയ പകരം തീരുവയുടെ ആഘാതത്തിൽനിന്ന് ഇന്ത്യൻ സന്പദ്ഘടനയ്ക്ക് ഉണർവ് നല്കുകയെന്നതാണ് റിപ്പോ നിരക്ക് കുറച്ചതിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്. അമേരിക്കയുടെ പകരം തീരുവ ഇന്നലെ നിലവിൽ വന്നു. 26 ശതമാനമാണ് ഇന്ത്യക്ക് ചുമത്തുന്ന തീരുവ.
നടപ്പു സാന്പത്തികവർഷത്തിലെ ആദ്യ പണനയ നിർണയ സമിതി യോഗം ഐകകണ്ഠ്യേനയാണ് റിപ്പോ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
രാജ്യത്തു പണപ്പെരുപ്പം നിയന്ത്രണവിധേയമായെന്നു വിലയിരുത്തിയശേഷമാണ് ആറംഗ പണനയ നിർണയ സമിതി യോഗം റിപ്പോ നിരക്ക് 6.25 ശതമാനത്തിൽനിന്ന് 6 ശതമാനമാക്കിയത്. അനിവാര്യമായ വളർച്ചയും പണനയ സമിതി സമിതി കണക്കിലെടുത്തു. ഓരോ സാന്പത്തികവർഷത്തിലും ആറു തവണ പണനയ നിർണയ സമിതി യോഗം ചേരാറുണ്ട്.
ഈ സാന്പത്തികവർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി പ്രവചനം 6.7 ശതമാനത്തിൽനിന്ന് 6.5 ശതമാനമായി ആർബിഐ കുറച്ചു.