വിപണികളിൽ നേട്ടം
Tuesday, April 8, 2025 11:31 PM IST
മുംബൈ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ വർധനയും ചൈനയുടെ തിരിച്ചടിയും മൂലം തുടർച്ചയായ മൂന്നു ദിവസം തകർന്ന ആഗോള ഓഹരിവിപണി ഇന്നലെ തിരിച്ചുകയറി.
ഏഷ്യയിലെ പ്രധാന വിപണികളെല്ലാം തന്നെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ്, യൂറോപ്യൻ വിപണികളും പോസിറ്റിവായാണ് തുടങ്ങിയത്. ഇന്ത്യൻ ഓഹരിവിപണികളായ ബിഎസ്ഇയും എൻഎസ്സിയും ഇന്നലെ മികച്ച നേട്ടമാണ് കൈവരിച്ചത്.
തിങ്കളാഴ്ച വിപണികളിൽ വില്പന ഉയർന്നതിനെത്തുടർന്ന് വിപണി മൂലധനത്തിൽ 16 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ നിക്ഷേപകർക്കു നഷ്ടമായത്. ഇന്നലെ വാങ്ങലുകൾ ഉയർന്നതിനെത്തുടർന്ന് 13 മേഖലാ സൂചികകളും ഏകദേശം രണ്ടു ശതമാനത്തിനടുത്താണ് ഉയർന്നത്.
ഇന്നലെ വ്യാപാരം പൂർത്തിയായപ്പോൾ സെൻസെക്സ് 1089.19 പോയിന്റ് (1.49%) ഉയർന്ന് 74,227.08ലും നിഫ്റ്റി 374.25 പോയിന്റ് (1.69%) നേട്ടത്തിൽ 22,535.85ലുമെത്തി. 2968 ഓഹരികൾ ഉയർന്നപ്പോൾ 843 ഓഹരികൾ നഷ്ടത്തിലായി. 115 ഓഹരികളിൽ മാറ്റമില്ലാതെ നിന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന നിരക്ക് തീരുമാനത്തിന് ഒരു ദിവസം മുന്പാണ് ഈ കുതിപ്പ് ഉണ്ടായത്. ഇന്ന് സമാപിക്കുന്ന ആർബിഐ ധനനയ യോഗത്തിൽ 25 ബേസിസ് പോയിന്റ് നിരക്ക് കുറവ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
കഴിഞ്ഞ അഞ്ച് സെഷനുകളിലായി എട്ട് ശതമാനം ഇടിവ് നേരിട്ട നിഫ്റ്റി ഐടി സൂചിക തിരിച്ചുവരവിന് നേതൃത്വം നൽകി. മാർച്ച് പാദത്തിലെ വരുമാന സീസണ് രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കാനൊരുങ്ങുന്നതിനാൽ, ഉച്ചകഴിഞ്ഞുള്ള സെഷനിൽ ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ തുടങ്ങിയ പ്രധാന ടെക് കന്പനികളുടെ ഓഹരികൾ നാലു ശതമാനം വരെ ഉയർന്നു.
ഐടി കുതിപ്പിനു പിന്നാലെ നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഫാർമ, ബാങ്ക് നിഫ്റ്റി സൂചികകളും ശക്തമായ പ്രകടനം കാഴ്ചവച്ചു.
വിശാല മാർക്കറ്റുകളായ മിഡ്കാപ്, സ്മോൾകാപ് സൂചികകളും രണ്ടു ശതമാനത്തിലധികം ഉയർന്നു.
ഏഷ്യൻ വിപണികൾ തിരിച്ചുവരവിന്റെ പാതയിൽ
തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനുശേഷംഏഷ്യ പസഫിക്ക് വിപണികളും നേട്ടത്തിലെത്തി. ഓസ്ട്രേലിയയുടെ എസ് ആൻഡ് പി/എഎസ്എക്സ് 2.27 ശതമാനം ഉയർന്ന് 7510ൽ ക്ലോസ് ചെയ്തു. ജപ്പാന്റെ നിക്കീയും ടോപിക്സും ആറു ശതമാനത്തിലധികം മുന്നേറി. ദക്ഷിണ കൊറിയയുടെ കോസ്പി 0.26 ശതമാനവും ഉയർന്നു. ഹോങ്കോങിന്റെ ഹാങ് സെങ് സൂചിക 1.51 ശതമാനം മുന്നേറ്റം നടത്തി. മുൻ സെഷനിൽ 13.2 ശതമാനത്തിന്റെ തകർച്ചയാണുണ്ടാത്.
ഹാങ്സെങ് ടെക് സൂചിക 3.8 ശതമാനം നേട്ടത്തിലെത്തി. ചൈനയുടെ സിഎസ്ഐ 300 സൂചിക 1.71 ശതമാനത്തിന്റെയും ഷാങ്ഹായി കോന്പോസിറ്റ് സൂചിക 1.6 ശതമാനത്തിന്റെയും ഉയർച്ചയാണ് ഇന്നലെ നേടിയത്. ഇതു രണ്ടും തിങ്കളാഴ്ച ഏഴു ശതമാനത്തിലധികമാണ് ഇടിഞ്ഞത്.
യുഎസ് ഇറക്കുമതിക്ക് ചൈന പ്രഖ്യാപിച്ച 34 ശതമാനം തീരുവ പിൻവലിച്ചില്ലെങ്കിൽ 50 ശതമാനം അധിക ചുങ്കം കൂടി ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് ഏഷ്യൻ വിപണികൾ മുന്നേറ്റം നടത്തിയത്.
യുഎസിലും യൂറോപ്പിലും ആശ്വാസം
തുടർച്ചയായ മൂന്നു ദിവസത്തെ തകർച്ചയ്ക്കുശേഷം നേട്ടത്തോടെ തുറക്കനായതിന്റെ ആശ്വാസത്തിലാണ് യുഎസ് ഓഹരിവിപണി. യുഎസിന്റെ ഡൗ ജോൺസ്, എസ് ആൻഡ് പി, നാസ്ദാക് സൂചികകൾ മൂന്നു ശതമാനത്തിലേറെ ഉയർന്നാണ് വ്യാപാരം നടത്തുന്നത്.
തുടർച്ചയായ നാലു ദിവസത്തെ നഷ്ടങ്ങൾക്കുശേഷം യൂറോപ്യൻ സൂചികകളും ഉയർച്ചയിലാണ് വ്യാപാരം തുടങ്ങിയത്. ഓഹരിവിപണികൾരണ്ടു ശതമാനത്തിലേറെ ഉയർന്നാണ് വ്യാപാരം നടത്തുന്നത്.