രാജഗിരിയിൽ ജെറിയാട്രിക് മെഡിസിന് വിഭാഗം പ്രവര്‍ത്തനം തുടങ്ങി
Tuesday, April 8, 2025 11:31 PM IST
കൊച്ചി: ആലുവ രാജഗിരി ആശുപത്രിയില്‍ ജെറിയാട്രിക് മെഡിസിന് വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. വി സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.
രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോണ്സണ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. ബഹറിന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഡയറക്ടര്‍ യൂസുഫ് ലോറി മുഖ്യാതിഥിയായിരുന്നു. വയോജന പരിപാലനത്തില്‍ രാജഗിരി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ യൂസുഫ് ലോറി അഭിനന്ദിച്ചു.
വയോജനങ്ങളുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ സഹായകമാകുന്ന മെഡിക്കല്‍ സ്പെഷാലിറ്റിയാണ് ജെറിയാട്രിക് മെഡിസിന്. വിവിധ രോഗങ്ങളുടെ ചികിത്സ ഏകോപിപ്പിക്കുന്നതുവഴി കുറഞ്ഞ ചെലവിലും വേഗത്തിലും ആരോഗ്യപരിപാലനം നടത്താന്‍ ഈ സ്പെഷാലിറ്റിയിലൂടെ സാധിക്കും.
ദീര്‍ഘകാല അസുഖങ്ങള്‍ക്കൊപ്പം ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് രോഗം, എല്ലുകള്‍ക്ക് ഉണ്ടാകാവുന്ന ബലക്കുറവ് തുടങ്ങിയ എല്ലാവിധ വയോജന സംബന്ധമായ അസുഖങ്ങള്‍ക്കും കൗണ്‍സലിംഗ്, ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷന്‍ എന്നിവയുടെ സഹായത്തോടെയുള്ള ചികിത്സ ഈ വിഭാഗത്തില്‍ ലഭ്യമാണ്. കൂടാതെ പാലിയേറ്റീവ് കെയറും രാജഗിരി അറ്റ് ഹോം സേവനങ്ങളും ജെറിയാട്രിക് മെഡിസിന് വഴി ലഭിക്കുന്നു.
ആരോഗ്യമേഖലയില്‍ 48 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുളള ഡോ. ജോര്‍ജ് പോള്‍ ആണു ജെറിയാട്രിക് മെഡിസിന് വിഭാഗം മേധാവി. ചടങ്ങില്‍ ഡോ. ജോര്‍ജ് പോള്‍, ഡോ. ഭാവന പൈങ്ക്ര എന്നിവരും പ്രസംഗിച്ചു.