പകരച്ചുങ്കത്തില്‍ ആടിയുലഞ്ഞ് ആഗോള റബര്‍ വിപണി
Tuesday, April 8, 2025 12:01 AM IST
റെജി ജോസഫ്
കോട്ടയം: പകരച്ചുങ്കത്തില്‍ ആടിയുലഞ്ഞ് റബര്‍ വിപണി. അമേരിക്ക ഏര്‍പ്പെടുത്തിയ കൂട്ടുകരത്തിന്റെ ആഘാതം ബാങ്കോക്ക്, ടോക്യോ, ക്വാലാലംപൂര്‍ മാര്ക്കറ്റുകളിലുണ്ടാക്കിയ വിലത്തകര്‍ച്ച ഇന്ത്യന്‍ റബര്‍ വിപണിയിലും പ്രകടമായി. ഒന്നരയാഴ്ച മുന്‍പ് 209 രൂപയ്ക്കു വ്യാപാരം നടന്ന ഷീറ്റിന് നിലവില്‍ നാലു രൂപയുടെ ഇടിവാണുണ്ടായത്.
റബര്‍ ബോര്‍ഡ് വിലയെക്കാള്‍ കിലോയ്ക്ക് നാലു രൂപ താഴ്ത്തി 193, 195 രൂപ നിരക്കിലാണ് ഇന്നലെ ഡീലര്‍മാര്‍ ചരക്ക് വാങ്ങിയത്. വ്യവസായികള്‍ വില പറയാത്തതിനാല്‍ ഷീറ്റ് വാങ്ങി വയ്ക്കാന്‍ ഡീലര്‍മാരും തയാറല്ല.
അപ്രതീക്ഷിത വിലയിടിവുണ്ടായതിനാല്‍ ചെറുകിട ഡീലര്‍മാര്‍ കര്‍ഷകരില്‍നിന്നും റബര്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല. വിദേശവിപണിയില്‍ വന്‍ ഇടിവു രേഖപ്പെടുത്തിയതിനാല്‍ റബര്‍ മേഖലയില്‍ കടുത്ത ആശങ്ക ഉയരുകയാണ്. വേനല്‍മഴ ലഭിച്ചെങ്കിലും ടാപ്പിംഗ് പുനരാരംഭിക്കാതെ കര്‍ഷകര്‍ മടിച്ചുനില്‍ക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ മഴമറയിടാനോ തുരിശടിക്കാനോ കര്‍ഷകര്‍ താത്പര്യപ്പെടുന്നില്ല. ബാങ്കോക്ക് മാര്‍ക്കറ്റ് ഇന്നലെ അവധിയായിരുന്നതിനാല്‍ വിലയിലെ ഇടിവും ആഘാതവും വ്യക്തമല്ല.
റബര്‍ ബോര്‍ഡ് ഉള്‍പ്പെടെ വില നിശ്ചയിക്കുന്നതില്‍ മാനദണ്ഡമാക്കുന്നത് ബാങ്കോക്ക് നിരക്കാണ്. കഴിഞ്ഞ ആഴ്ചകളില്‍ 205 രൂപയ്ക്കു മുകളില്‍ ഷീറ്റ് വാങ്ങി സംഭരിച്ച ഡീലര്‍മാര്‍ നിലവില്‍ ഭാരിച്ച നഷ്ടമാണ് നേരിടുന്നത്.
ശനിയാഴ്ച റബര്‍ ബോര്‍ഡ് നിശ്ചയിച്ച വില ആര്‍എസ്എസ് നാല് ഗ്രേഡിന് 206, ഗ്രേഡ് അഞ്ച് 203 രൂപ നിരക്കിലായിരുന്നു. ഇന്നലെ കിലോയ്ക്ക് നാല് രൂപ താഴ്ന്ന് 202, 199 രൂപ നിരക്കിലെത്തി.
യാതൊരു വിലസ്ഥിരതയുമില്ലാത്ത ഉത്പന്നം എന്ന നിലയില്‍ റബറിനെ ആശ്രയിച്ച് കൃഷി ചെയ്യാനോ ടാപ്പിംഗ് നടത്താനോ സാധിക്കാത്ത സാഹചര്യമാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ കിലോയ്ക്ക് 250 രൂപ വരെ ഉയര്‍ന്ന റബര്‍ രണ്ടു മാസം പിന്നിട്ടപ്പോള്‍ 180 രൂപയിലേക്ക് താഴ്ന്നു. മാസങ്ങളുടെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ മാസം 210 രൂപ വരെ ഉയര്‍ന്നതിനു പിന്നാലെ വില വീണ്ടും തിരിച്ചടിച്ചു.
പകരച്ചുങ്കം ഉയര്‍ത്തുന്ന ഭീതിയും ആശങ്കയുമാണ് നിലവില്‍ റബര്‍ മേഖലയിലും തിരിച്ചടിയുണ്ടാക്കുന്നത്. 30 ശതമാനത്തിനു മുകളിലാണ് പ്രധാന റബര്‍ ഉത്പാദകരായ തായ്ലന്ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് ചുമത്താന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. പകരച്ചുങ്കത്തില്‍ പുനഃപരിശോധനയോ വ്യക്തതയോ ഉണ്ടായാല്‍ മാര്‍ക്കറ്റ് തിരിച്ചുകയറുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.