ആടിയുലഞ്ഞ് ഓഹരിവിപണികൾ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, April 7, 2025 12:43 AM IST
വ്യാപാര യുദ്ധം മൂർച്ഛിച്ചതോടെ ആഗോള ഓഹരി ഇൻഡക്സുകൾ തകർന്നടിയുന്നു. അമേരിക്കയുടെ വജ്രായുദ്ധം കണ്ട് ചൈന തൊടുത്തുവിട്ട നാഗാസ്ത്രം യു എസിൽ ഡൗ ജോൺസിനെയും എസ് ആൻഡ് പി ഇൻഡക്സിനെയും പ്രകമ്പനം കൊള്ളിച്ചു. ഒന്ന് വച്ചാൽ പത്തെന്ന നിലപാട് ബെയ്ജിംഗ് സ്വീകരിച്ചത് താരിഫ് യുദ്ധത്തിന്റെ ആക്കം രൂക്ഷമാക്കുന്നു.
പുതിയ സാഹചര്യത്തിൽ വൈകാതെ കപ്പൽ മാർഗമുള്ള കണ്ടെയ്നർ ചരക്ക് നീക്കം മന്ദഗതിയിലാവും, ഇത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് ഡിമാൻഡ് മങ്ങുമെന്നത് വിലയെയും ബാധിക്കും. വാരാന്ത്യം അമേരിക്കൻ ഓഹരി ഇൻഡക്സുകൾ പത്ത് ശതമാനം തകർച്ചയിലാണ്.
ജർമനി അടക്കമുള്ള യൂറോപ്യൻ ഓഹരി ഇൻഡക്സുകൾ വാരാന്ത്യം ആടിയുലഞ്ഞു. ഏഷ്യയിൽ ചൈനീസ് മാർക്കറ്റായ ഷാങ്ഹായ് മാത്രമല്ല, ജപ്പാനിൽ നീക്കിയും ഹോങ്കോങ്ങിൽ ഹാൻസെങ് സൂചികയും വിൽപ്പനസമ്മർദത്തിലാണ്. ഏറെ പ്രതീക്ഷകളോടെ തിരിച്ചുവരവിന് ഒരുങ്ങിയ ഇന്ത്യൻ മാർക്കറ്റിന്റെ അടിത്തട്ടിലും വിള്ളൽ സംഭവിച്ചു. പിന്നിട്ട വാരം സെൻസെക്സ് 2050 പോയിന്റും നിഫ്റ്റി 614 പോയിന്റും നഷ്ടത്തിലാണ്.
പ്രതിസന്ധികൾക്കിടയിൽ റിസർവ് ബാങ്ക് വായ്പ അവലോകനത്തിന് ഒത്തുചേരുന്നു. ആഗോള സമ്പദ്ഘടനയിലെ മാറ്റങ്ങൾ മുന്നിൽ കണ്ട് പലിശയിൽ ഭേദഗതികൾക്ക് ആർബിഐ ഒരുങ്ങുമോ ? അതോ കളി അൽപ്പം കണ്ട ശേഷം അടുത്ത യോഗത്തിൽ പ്രതികരിക്കാമെന്ന നിലപാട് സ്വീകരിക്കുമോ? ബുധനാഴ്ച വരെ കാത്തിരിക്കണം. മഹാവീര ജയന്തി പ്രമാണിച്ച് വ്യാഴാഴ്ച വിപണി അവധി, ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങുമെന്നതിനാൽ വിദേശ ഓപ്പറേറ്റർമാർ ബാധ്യതകൾ കുറയ്ക്കാൻ ശ്രമം നടത്താം.
മുൻവാരം വിപണിക്ക് നൽകിയിരുന്ന സാങ്കേതിക സപ്പോർട്ടുകൾ തകർക്കും വിധത്തിലെ വിൽപ്പനസമ്മർദമാണ് അരങ്ങേറിയത്. എല്ലാ ദിവസവും വിദേശ ഫണ്ടുകൾ വിൽപ്പനക്കാരായതോടെ ആഭ്യന്തര ഫണ്ടുകളും ഒരു ദിവസം ആ വഴിക്ക് മാറി ചിന്തിച്ചത് സ്ഥിതി കൂടുതൽ സങ്കീർണമാക്കി. നിഫ്റ്റിയെ 23,519 പോയിന്റിൽനിന്നും 23,548 വരെ ഉയരാനേ വിൽപ്പനക്കാർ അനുവദിച്ചുള്ളൂ. വിദേശ ഓപ്പറേറ്റർമാരിൽനിന്നു തുടരെയുള്ള ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ നിഫ്റ്റി നടത്തിയ ചെറുത്ത് നിൽപ്പ് വിജയിക്കാതെ വന്നതോടെ നിഫ്റ്റി താങ്ങുകൾ തകർത്ത് 22,857ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 22,904ലാണ്.
കഴിഞ്ഞവാരം സൂചന നൽകിയതാണ് വിപണി ബുള്ളിഷ് മനോഭാവത്തിലെങ്കിലും ഇടപാടുകൾ നാല് ദിവസം മാത്രമായതിനാൽ ഓപ്പറേറ്റർ ബാധ്യതകളിൽ നിന്നും പിന്തിരിയാമെന്ന വസ്തുത ശരിവയ്ക്കുന്ന നീക്കമാണ് അവരിൽ നിന്നുമുണ്ടായത്. നിഫ്റ്റിക്ക് ഈ വാരം 22,658 ലാണ് ആദ്യ താങ്ങ്, ഇത് നിലനിർത്താനായാൽ തിരിച്ചുവരവിൽ 23,349-23,794 ലേക്കും ഉയരാം. എന്നാൽ, ആദ്യം സൂചിപ്പിച്ച സപ്പോർട്ട് നഷ്ടപ്പെട്ടാൽ വിപണി 22,500-22,412ലേക്ക് പരീക്ഷണങ്ങൾക്ക് നിർബന്ധിതമാവും. വർഷാന്ത്യം വരെയുള്ള കാലയളവിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തിയാൽ നിഫ്റ്റിയുടെ ദൃഷ്ടി 17,900ലേക്കും 12,200ലേക്കും തിരിയുന്നു.
മറ്റ് സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രെന്റ്, പാരാബോളിക് എസ്എആർ എന്നിവ ദുർബലാവസ്ഥയിലേക്ക് മുഖം തിരിച്ചു, എം എസി ഡി ബുൾ ഓപ്പറേറ്റർമാർക്ക് മുന്നിൽ പച്ചക്കൊടി ഉയർത്തിയതിനിടയിൽ വിപണിയുടെ അടിയോഴുക്കിൽ വിള്ളൽ സംഭവിച്ചു.
നിഫ്റ്റി ഏപ്രിൽ ഫ്യൂച്ചർ മൂന്ന് ശതമാനം ഇടിഞ്ഞ് 22,958ലേക്ക് ദുർബലമായി. മുൻവാരം സൂചന നൽകിയതാണ് ഉയർന്ന റേഞ്ചിൽ പുതിയ ഷോട്ട് പൊസിഷനുകൾ ഉടലെടുക്കാൻ ഇടയുണ്ടെന്ന വസ്തുത. ഏപ്രിൽ ഫ്യൂചർ ഓപ്പൺ ഇന്ററസ്റ്റ് 125 ലക്ഷം കരാറിൽനിന്നും പതിനൊന്ന് ശതമാനം ഉയർന്ന് 139.4 ലക്ഷം കരാറായി. ഈവാരം 22,825 ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 22,250ലേക്ക് തിരിയാൻ നിർബന്ധിതമാവും. എന്നാൽ, ഏപ്രിൽ അവധി ഒരു തിരിച്ചുവരവിന് മുതിർന്നാൽ 23,200-23,400 ൽ പ്രതിരോധം തല ഉയർത്താം.
സെൻസെക്സ് 77,414ൽനിന്നും കൂടുതൽ കരുത്തിന് അവസരം ലഭിക്കാതെ തളർന്നു. വിൽപ്പന സമ്മർദത്തിൽ സുചിക 75,240ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യ ക്ലോസിംഗിൽ 75,364.69 ലാണ്. ഈ വാരം 76,757ലാണ് ആദ്യ പ്രതിരോധം, വിൽപ്പന സമ്മർദം തുടർന്നാൽ സെൻസെക്സ് 74,605-73,846 ലേക്ക് തിരിയാം.
വിദേശ ധനകാര്യസ്ഥാപനങ്ങൾ മൊത്തം 13,730.49 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ ഒരു ദിവസം 1720.32 കോടി രൂപയുടെ വിൽപ്പനയും മൂന്ന് ദിവസങ്ങളിലായി 7352.88 കോടി രൂപയുടെ നിക്ഷേപവും നടത്തി.
രൂപയുടെ മൂല്യം 85.48 ൽനിന്നും കഴിഞ്ഞവാരം സൂചിപ്പിച്ചത് ശരിവച്ച് ഒരവസരത്തിൽ 84.90 വരെ മികവ് കാണിച്ചു. വ്യാപാരാന്ത്യം വിനിമയനിരക്ക് 85.22ലാണ്. സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരാൻ കേന്ദ്ര ബാങ്ക് പലിശ നിരക്കുകളിൽ ഭേദഗതികൾക്ക് ഒരുങ്ങിയാൽ രൂപയിലും വൻ ചാഞ്ചാട്ട സാധ്യത. രൂപ 84.90 ലെ തടസം കടന്നാൽ 84.60-84.45 റേഞ്ചിലേക്ക് പ്രവേശിക്കാം. വീണ്ടും ദുർബലമായാൽ രൂപ 85.85 ലേക്ക് നീങ്ങാം.
ക്രൂഡ് ഓയിലിന് തിരിച്ചടി. ഉത്പാദനം ഉയർത്താനുള്ള ഒപ്പെക് നീക്കങ്ങൾക്കിടയിൽ എണ്ണവില ബാരലിന് 75 ഡോളറിൽനിന്നും 64.50ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 66.12 ഡോളറിലാണ്. 69 ഡോളറിലെ നിർണായക സപ്പോർട്ട് നഷ്ടപ്പെട്ട സാഹചര്യത്തിൽ ഉത്പാദനം ഉയർത്തിയാൽ 62-58 ഡോളറിലേക്ക് ഇടിയാം.
സ്വർണത്തിൽ ശക്തമായ സാങ്കേതിക തിരുത്തൽ. സ്വർണം ട്രോയ് ഔൺസിന് 3085 ഡോളറിൽ നിന്നും റെക്കോർഡായ 3164 ഡോളർ വരെ ഉയർന്ന ഘട്ടത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിന് ഇറങ്ങിയത് കണ്ട് ഊഹക്കച്ചവടക്കാരും വിൽപ്പനയ്ക്ക് മത്സരിച്ചു. വിപണിയുടെ അടിയൊഴുക്ക് കണക്കിലെടുത്താൽ 3009 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ട് 2956 ഡോളറിലേക്ക് തിരിയാം. ഈ അവസരത്തിൽ ഡോളർ സൂചിക ചാഞ്ചാടിയാൽ സ്വർണവില വീണ്ടും 90 ഡോളർ തളരാം, വാരാന്ത്യം നിരക്ക് 3036 ഡോളറിലാണ്.