ചൈനയ്ക്കുമേൽ പുതിയ തീരുവ വേണ്ടെന്ന് മസ്ക്
Tuesday, April 8, 2025 11:31 PM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ ഉപദേഷ്ടാവും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്കും തമ്മിൽ ഭിന്നതയെന്ന് സൂചന.
ചൈനീസ് ഇറക്കുമതികൾക്ക് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ പിൻവലിക്കാൻ പ്രസിഡന്റിനോട് മസ്ക് വ്യക്തിപരമായ അഭ്യർഥന നടത്തിയെന്നും ട്രംപ് അത് നിരസിച്ചുവെന്നുമാണ് റിപ്പോർട്ട് .
ട്രംപ് മുന്‍പ് പ്രഖ്യാപിച്ച 54 ശതമാനം തീരുവയ്ക്കെതിരേ യുഎസിന് ചൈന 34 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തി. യുഎസിനു മേൽ ചുമത്തിയ ഇറക്കുമതി തീരുവ പിൻവലിക്കണമെന്നും അതുണ്ടായില്ലെങ്കിൽ 50 ശതമാനം അധിക തീരുവകൂടി ചൈനയ്ക്കേർപ്പെടുത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ട്രംപിന്റെ ഈ ഭീഷണിയെത്തുടർന്നാണ് മസ്ക് വിഷയത്തിലിടപെടാൻ ശ്രമിച്ചത്.
വിഷയം പ്രസിഡന്റിനെ ബോധ്യപ്പെടുത്താൻ മസ്ക് നേരിട്ട് സ്വകാര്യ ചർച്ചകൾ പോലും നടത്തിയെന്നും അത് വിജയിച്ചില്ലെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ താരിഫുകൾ പ്രാബല്യത്തിൽ വരുന്നതിനു മുന്‍പ് അമേരിക്കയ്ക്കും യൂറോപ്പിനും ഇടയിൽ ഒരു ’സീറോ-താരിഫ് സാഹചര്യം’ ആഗ്രഹിക്കുന്നുവെന്ന് മസ്ക് ഇറ്റലിയുടെ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയോട് പറഞ്ഞിരുന്നു. ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ലയുടെ സിഇഒ കൂടിയായ മസ്ക് വ്യക്തിപരമായി തീരുവകൾക്കെതിരാണ്.
അമേരിക്കയെയും ചൈനയെയും പ്രധാന വിപണികളായി കാണുന്ന മസ്കിന് വാഹനനിർമാണ മേഖലയ്ക്ക് തീരുവ ദോഷം ചെയ്യുമെന്ന നിലപാടാണ് ഉള്ളത്. ട്രംപ് പ്രസിഡന്റായ ആദ്യ കാലയളവിൽ, ചൈനയിൽ നിന്ന് അമേരിക്കയിലേക്കുള്ള ടെസ്ലയുടെ ഇറക്കുമതിയുടെ നികുതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മസ്ക് ഒരു കേസ് ഫയൽ ചെയ്തിരുന്നു.
ട്രംപിന്റെ പുതിയ തീരുവകൾ പ്രാബല്യത്തിൽ വരുന്നതിന് മുന്‍പുള്ള ആഴ്ചയിൽ ട്രംപിന്റെ ഉയർന്ന താരിഫ് പദ്ധതിക്ക് ഉത്തരവാദിയായ വൈറ്റ് ഹൗസ് ഉപദേഷ്ടാവായ പീറ്റർ നവാരോയ്ക്കെതിരേ മസ്ക് ആഞ്ഞടിക്കുകയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പശ്ചാത്തലത്തെ പരിഹസിക്കുകയും ചെയ്തിരുന്നു.
മസ്കിനു നഷ്ടം
ഇലോണ്‍ മസ്കിന്റെ ആസ്തി 2024 നവംബറിനു ശേഷം ആദ്യമായി 300 ബില്യണ്‍ ഡോളറിന് താഴേക്കു കൂപ്പുകുത്തി. ട്രംപ് പകരത്തിനുപകരം ചുങ്കം ഏർപ്പെടുത്തിയപ്പോൾ മസ്കിന്റെ സന്പത്തിൽനിന്ന് 11 ബില്യണ്‍ ഡോളർ കുറഞ്ഞിരുന്നു.
2025ൽ ഇതുവരെ അദ്ദേഹത്തിന് 110 ബില്യണ്‍ ഡോളർ നഷ്ടം വന്നിട്ടുണ്ട്. ഇക്കൊല്ലം മാർച്ചിൽ 330 ബില്യണ്‍ ഡോളർ ആസ്തിയുണ്ടായിരുന്ന മസ്ക്, ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സിൽ ലോകത്തിന്റെ ഏറ്റവും സന്പന്നനായ വ്യക്തിയായിരുന്നു.
അവസാനം വരെ പൊരുതുമെന്ന് ചൈന
ട്രംപ് ആദ്യ ഘട്ടത്തിൽ ഏർപ്പെടുത്തിയ 54 ശതമാനം തീരുവയ്ക്കു പുറമെ അധികമായി 50 ശതമാനം കൂടി ചുമത്തുമെന്ന ഭീഷണിക്കു മുന്നിൽ വഴങ്ങില്ലെന്ന് ചൈന.
’താരിഫ് ബ്ലാക്ക്മെയിലിംഗിന്’ വഴങ്ങില്ലെന്നും ട്രംപ് തീരുവ യുദ്ധം തുടരുകയാണെങ്കിൽ അവസാനം വരെ പൊരുതുമെന്നും ചൈന വ്യക്തമാക്കി. അടിസ്ഥാനരഹിതമായ കാരണങ്ങളാൽ ആണ് യുഎസ് താരിഫ് ഏർപ്പെടുത്തിയെന്നും ചൈന കൂട്ടിച്ചേർത്തു.
ട്രംപ് മുന്‍പ് പ്രഖ്യാപിച്ച് 54 ശതമാനത്തിനു പുറമെ 50 ശതമാനം തീരുവ കൂടി ചൈനയ്ക്കുമേൽ ഏർപ്പെടുത്തിയാൽ യുഎസിലേക്കുള്ള ചൈനീസ് ഇറക്കുമതി തീരുവ 104 ശതമാനത്തിലെത്തും.