യുഎസിന് മറുപടിയുമായി ചൈന; ഇറക്കുമതിക്ക് 84% തീരുവ
Wednesday, April 9, 2025 11:43 PM IST
മുംബൈ/ബെയ്ജിംഗ്: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ പകരച്ചുങ്കം ഇന്നലെ മുതൽ പ്രാബല്യത്തിലായിരിക്കേ ഏഷ്യൻ വിപണികളിൽ കയറ്റിറക്കം. ഇന്ത്യൻ വിപണികൾ ഇടിഞ്ഞു. യുഎസ്, യൂറോപ്യൻ വിപണികൾ തകർച്ചയിൽ.
ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 104 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഭീഷണിയാണ് ഏഷ്യൻ വിപണിയെ ബാധിച്ചത്. ഇതിനു പകരം യുഎസ് ഉത്പന്നങ്ങൾക്ക് 84 അധിക തീരുവ ചുമത്തുമെന്ന ചൈനയുടെ തിരിച്ചടി യുഎസ്, യൂറോപ്യൻ വിപണികളെ ബാധിച്ചിട്ടുണ്ട്. മുന്പ് പ്രഖ്യാപിച്ച 34 ശതമാനത്തിൽനിന്നാണ് 84 ശതമാന മായി ഉയർത്തുക. ഇത് ഇന്നു മുതൽ പ്രാബല്യത്തിലാകും.
നിഫ്റ്റിയും സെൻസെക്സും വീണു
ചൊവ്വാഴ്ചത്തെ കുതിപ്പിനുശേഷം ഇന്ത്യൻ വിപണികളായ ബിഎസ്ഇയും എൻഎസ് ഇയും ഇന്നലെ തകർന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് 379.93 പോയിന്റ് (0.51%) ഇടിഞ്ഞ് 73,847.15ലും നിഫ്റ്റി 136.70 പോയിന്റ് (0.61%) നഷ്ടത്തിൽ 22,399,15ലുമാണ് ക്ലോസ് ചെയ്തത്.
ഏഷ്യൻ വിപണികൾ സമ്മിശ്രം
തുടർച്ചയായ മൂന്നു ദിവസത്തെ തകർച്ചകൾക്കുശേഷം ചൊവ്വാഴ്ച തിരിച്ചുകയറിയ ഏഷ്യൻ വിപണിയെ ട്രംപ് ചൈനയ്ക്കെതിരേ സ്വീകരിച്ച പുതിയ നടപടിയാണ് തകർച്ചയിലെത്തിച്ചത്. ഹോങ്കോങ്, ഷാങ്ഹായി വിപണികൾ നേട്ടത്തിലെത്തി.
എന്നാൽ ടോക്കിയോ വിപണി നഷ്ടത്തിലായി. മറ്റ് മേഖലകളിൽ ബാങ്കോക്ക് ഒഴികെയുള്ള എക്സ്ചേഞ്ചുകളും തകർച്ചയിലാണ് ക്ലോസ് ചെയ്തത്. താഴ്ചയിൽ തുടങ്ങിയ ജപ്പാന്റെ നിക്കി സൂചിക തിരിച്ചുകയറാനാവാതെ 3.9 ശതമാനം ഇടിഞ്ഞാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഹോങ്കോങിന്റെ ഹാങ് സെങ് സൂചിക താഴ്ന്നാണ് തുടങ്ങിയതെങ്കിലും അവസാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. ഹാങ് സെങ് ടെക്ക് 2.6 ശതമാനം ഉയർന്നു. ചൈനയുടെ ഷാങ്ഹായി കോന്പോസിറ്റ് സൂചിക 1.3 ശതമാനത്തിന്റെ ഉയർച്ചയാണ് രേഖപ്പെടുത്തയിത്. ദക്ഷിണ കൊറിയ, തായ്വാൻ, സിംഗപ്പുർ, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിപണികളും ഇടിഞ്ഞു.
യുഎസ്, യൂറോപ്യൻ വിപണികൾ
ചൈനീസ് വാണിജ്യ മന്ത്രാലയം 12 യുഎസ് സ്ഥാപനങ്ങളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ പെടുത്തുകയും ആറ് അമേരിക്കൻ സ്ഥാപനങ്ങളെ വിശ്വസനീയമല്ലാത്ത സ്ഥാപന പട്ടികയിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപനം വന്നതോടെയാണ് യുഎസ് വിപണികളുടെ വ്യാപാര തുടക്കം തകർച്ച യോടെയായിരുന്നു.
രണ്ടു ശതമാനത്തിനടുത്ത് തകർച്ചയിലാണ് വ്യാപാരം തുടങ്ങിയ യുഎസ് വിപണികൾ സാവധാനം ഉയർന്നു.
യുഎസിനെതിരേയുള്ള ചൈനയുടെ തീരുവ ഉയർത്തൽ പ്രഖ്യാപനം യൂറോപ്യൻ എക്സ്ചേഞ്ചുകളെ ബാധിച്ചു. നഷ്ടത്തിലാണ് വിപണികൾ ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച യൂറോപ്യൻ വിപണികൾ നേട്ടത്തിലെത്തിയിരുന്നു.