ആപ്പിൾ പ്രതിസന്ധിയിൽ
Tuesday, April 8, 2025 12:01 AM IST
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിൽ ആകെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ലോകരാജ്യങ്ങളും വിപണിയും. ട്രംപിന്റെ നീക്കത്തിനു പിന്നാലെ ലോകമാകെയുള്ള ഓഹരിവിപണികളുടെ തകർച്ചയ്ക്കൊപ്പം രൂപയുടെ അടക്കം മൂല്യമിടിയുകയും ചെയ്തു.
ആപ്പിൾ അടക്കമുള്ള അമേരിക്കൻ കന്പനികളും പകരച്ചുങ്കത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇറക്കുമതി തീരുവ ഉയർന്നതോടെ അമേരിക്കയിൽ ആപ്പിൾ ഉത്പന്നങ്ങൾക്ക് വില ഉയർത്താതെ പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയിലാണ് കന്പനി.
ഇതിനിടെ ദുരന്തം മുൻകൂട്ടി കണ്ട ആപ്പിൾ ട്രംപിന്റെ പകരച്ചുങ്കത്തെ നേരിട്ട രീതിയും ശ്രദ്ധപിടിച്ചുപറ്റി. മറ്റു രാജ്യങ്ങളിൽ നിർമിച്ച പരമാവധി ഉത്പന്നങ്ങൾ പകരച്ചുങ്കം നിലവിൽ വരുന്നതിന് മുന്പായി യുഎസിലെത്തിക്കുകയാണ് ആപ്പിൾ ചെയ്തത്.
ഏപ്രിൽ അഞ്ചിനാണ് ട്രംപ് ഏർപ്പെടുത്തിയ 10 ശതമാനം പകരച്ചുങ്കം നിലവിൽ വന്നത്. ഇതിനു മുന്പായി അഞ്ച് വിമാനങ്ങൾ നിറയെ ഐഫോണുകളാണ് ഇന്ത്യ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിനിന്നും ആപ്പിൾ ഇറക്കുമതി ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
ഇത്രയധികം ഐഫോണുകൾ ഒന്നിച്ച് സംഭരിച്ച് വയ്ക്കുന്നതിലൂടെ തത്കാലത്തേക്ക് നിലവിലുള്ള വിലയിൽ തന്നെ വിൽക്കാൻ ആപ്പിളിന് സാധിച്ചേക്കും. അടുത്ത ഏതാനും മാസങ്ങളിലേക്ക് ആവശ്യമായ ഐഫോണുകൾ യുഎസിലെ ആപ്പിളിന്റെ വെയർഹൗസുകളിൽ സ്റ്റോക്കുണ്ടെന്നാണ് സൂചന.
സ്റ്റോക്ക് തീരുന്നതോടെ ആപ്പിളിന് അമേരിക്കയിൽ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വില ഉയർത്തേണ്ടി വരും. ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങളുടെ പ്രധാന നിർമാണ കേന്ദ്രങ്ങൾ ചൈനയും ഇന്ത്യയും വിയറ്റ്നാമുമാണ്.
അമേരിക്കൻ വിപണിയിലേക്കുള്ള ഐഫോണുകളും ഈ രാജ്യങ്ങളിലാണ് നിർമിക്കുന്നത്. ഉയർന്ന കൂലി കാരണം ആപ്പിളിന്റെ ഉത്പാദന കേന്ദ്രങ്ങൾ അമേരിക്കയിലേക്ക് മാറ്റുന്നതും പ്രായോഗികമല്ല.
അതേസമയം, ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയത് ഇന്ത്യൻ സ്മാർട്ട് ഫോണ് ഉത്പാദക മേഖലക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് ഫോണ് നിർമാണരംഗത്തെ പ്രധാനിയായ വിയറ്റ്നാമിനും 46 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്.
ഇന്ത്യക്ക് മേൽ 26 ശതമാനം മാത്രമാണ് തീരുവ. നയതന്ത്ര ചർച്ചകളിലൂടെ തീരുവ കുറയ്ക്കാനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ട്. നിലവിൽ ഐഫോണുകളും എയർപോഡുകളുമാണ് ആപ്പിൾ ഇന്ത്യയിൽ നിർമിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല.
അതേസമയം, ആപ്പിൾ ഉത്പന്നങ്ങളുടെ വില വർധിക്കുന്നതോടെ ദക്ഷിണ കൊറിയൻ കന്പനിയായ സാംസംഗ് നേട്ടമുണ്ടാക്കുമെന്ന് കരുതുന്നവരും ഏറെയാണ്. മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തീരുവയാണ് (25 ശതമാനം) ദക്ഷിണ കൊറിയയ്ക്കു മേൽ ചുമത്തിയതെന്നതും ശ്രദ്ധേയമാണ്.