ഓപ്പൺ എഐ പുറത്താക്കിയ സാം ഓൾട്ട്മാൻ മൈക്രോസോഫ്റ്റിൽ
Tuesday, November 21, 2023 12:57 AM IST
വാഷിംഗ്ടൺ ഡിസി: ഓപ്പൺ എഐ പുറത്താക്കിയ സാം ഓൾട്ട്മാനും കന്പനിയുടെ മറ്റൊരു സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്ക്മാനും മൈക്രോസോഫ്റ്റിൽ ചേർന്നു.
കന്പനിയുടെ എഐ റിസർച്ച് ടീമിലാണ് ഇരുവരും പ്രവർത്തിക്കുക. മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നഡെല്ലെയാണ് ഇക്കാര്യം അറിയിച്ചത്. നിർമിതബുദ്ധിയിൽ വിപ്ലവത്തിനു വഴിയൊരുക്കിയ ചാറ്റ് ജിപിടിയുടെ ഉപജ്ഞാതാക്കളാണ് ഓപ്പൺ എഐ. കന്പനിയുടെ സിഇഒയും സഹസ്ഥാപകനുമായ സാം ഓൾട്ട്മാനെ നാടകീയ നീക്കത്തിലൂടെയാണു പുറത്താക്കിയത്.
ഡയറക്ടർ ബോർഡുമായി കൃത്യമായ ആശയവിനിമയം നടത്തുന്നില്ലെന്നു വ്യക്തമായതോടെയാണു നടപടിയെന്നു കന്പനി വ്യക്തമാക്കിയിരുന്നു. ഓൾട്ട്മാനെ പുറത്തിക്കിയതിനു പിന്നാലെ ഓപ്പൺ എഐ സഹസ്ഥാപകനും ബോർഡ് ചെയർമാനുമായ ഗ്രെഗ് ബ്രോക്ക്മാൻ ഔദ്യോഗികസ്ഥാനങ്ങളിൽനിന്നു രാജിവച്ചിരുന്നു.