സ്റ്റീലിനും അലുമിനിയത്തിനും ട്രംപിന്റെ ഇറക്കുമതിച്ചുങ്കം
Tuesday, February 11, 2025 3:03 AM IST
വാഷിംഗ്ടൺ ഡിസി: വ്യാപാര യുദ്ധം മുറുക്കിയ പ്രസിഡന്റ് ട്രംപ് അമേരിക്കയിലേക്കുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25 ശതമാനം അധിക ചുങ്കം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് അദ്ദേഹം അറിച്ചത്. അമേരിക്കൻ ഇറക്കുമതിക്ക് ചുങ്കം ചുമത്തിയവർക്കുള്ള മറുപടിച്ചുങ്കം സംബന്ധിച്ച പ്രഖ്യാപനം ചൊവ്വ, ബുധൻ ദിവസങ്ങിളിലും ഉണ്ടാകും.
സ്റ്റീൽ, അലുമിനിയം ചുങ്കം വർധിപ്പിക്കുന്നതു കാനഡയ്ക്കു വലിയ പ്രതിസന്ധിയുണ്ടാക്കും. ഇവ രണ്ടും യുഎസിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നതു കാനഡയാണ്. മെക്സിക്കോ, ബ്രസീൽ, ദക്ഷിണകൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളും അമേരിക്കയിലേക്ക് വൻതോതിൽ സ്റ്റീൽ കയറ്റുമതി ചെയ്യുന്നവരാണ്.
അലുമിനിയത്തിന്റെ കാര്യമെടുത്താൽ 2024 വർഷത്തിൽ അമേരിക്ക ഇറക്കുമതി ചെയ്ത അലുമിനിയത്തിന്റെ 79 ശതമാനവും കാനഡയിൽനിന്നായിരുന്നു. പ്രതിരോധം, വാഹന ഉത്പാദനം, കപ്പൽനിർമാണം തുടങ്ങി അമേരിക്കയിലെ പ്രധാന വ്യവസായങ്ങളിൽ സുപ്രധാന പങ്കാണ് കാനഡ വഹിക്കുന്നത്.
ട്രംപിന്റെ ഒന്നാം ഭരണകാലത്ത് സ്റ്റീൽ ഇറക്കുമതിക്ക് 25ഉം അലുമിനിയത്തിന് 10 ശതമാനം വച്ച് ചുങ്കം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് കാനഡ, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കു ചുങ്കം ഇളച്ചുകൊടുത്തു. പിന്നീട് അധികാരത്തിലേറിയ ജോ ബൈഡൻ ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവർക്കു നികുതിരഹിത ക്വോട്ടാ സന്പ്രദായം അനുവദിച്ചു. ഇവ ഇനി തുടരുമോ എന്നതിൽ വ്യക്തതയില്ല.
നേരത്തേ കാനഡ, മെക്സിക്ക രാജ്യങ്ങൾക്ക് 25 ശതമാനം വച്ചും ചൈനയ്ക്ക് പത്തു ശതമാനവും ചുങ്കം ഏർപ്പെടുത്താൻ ട്രംപ് തീരുമാനിച്ചിരുന്നു. അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്നു കടത്തും തടയാൻ നടപടികളെടുക്കാമെന്നു കാനഡയും മെക്സിക്കോയും നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഈ രാജ്യങ്ങൾക്കുള്ള ചുങ്കം നടപ്പാക്കുന്നത് ഒരു മാസത്തേക്കു നീട്ടിവച്ചിരിക്കുകയാണു ട്രംപ്.