റോസ്കോസ്മോസ് മേധാവിയുടെ കസേര തെറിച്ചു
Friday, February 7, 2025 1:25 AM IST
മോസ്കോ: റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ തലവൻ യൂറി ബോറിസോവിനെ പദവിയിൽനിന്നു നീക്കം ചെയ്തു.
2022 ജൂലൈയിൽ പത്തുവർഷ കാലാവധിയോടെ നിയമിക്കപ്പെട്ട യൂറി മൂന്നു വർഷം തികയ്ക്കുന്നതിനു മുന്‍പാണു കസേര തെറിച്ചത്. ഡെപ്യൂട്ടി ഗതാഗത മന്ത്രി ദിമിത്രി ബക്കാനോവ് ആണു റോസ്കോസ്മോസിന്റെ പുതിയ മേധാവി.
യൂറിയെക്കുറിച്ചു പരാതികളില്ലെന്നും റോസ്കോസ്മോസിന്റെ വികസനം ലക്ഷ്യമിട്ടാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വിശദീകരിച്ചു.
മുൻ ഡെപ്യൂട്ടി പ്രതിരോധമന്ത്രിയായ യൂറിയുടെ കാലത്താണ് റഷ്യയുടെ ലൂണാ-25 ചാന്ദ്ര ദൗത്യം പരാജയപ്പെട്ടത്. ബഹാരാകാശ രംഗത്തെ അതികായകരായ റഷ്യക്കു വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.