ദക്ഷിണകൊറിയൻ വിമാനത്താവളങ്ങളിൽ പക്ഷികളെ കണ്ടെത്തുന്ന കാമറ
Friday, February 7, 2025 1:25 AM IST
സീയൂൾ: ദക്ഷിണകൊറിയയിലെ വിമാനത്താവളങ്ങളിൽ പക്ഷികളെ കണ്ടെത്താൻ സഹായിക്കുന്ന കാമറകളും തെർമൽ ഇമേജിംഗ് റഡാറുകളും സ്ഥാപിക്കും. 179 പേർ മരിച്ച മുവാൻ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്.
അപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായിട്ടില്ലെങ്കിലും പക്ഷി ഇടിച്ചതാണു കാരണമെന്ന് അനുമാനിക്കുന്നു. വിമാനത്തിന്റെ എൻജിനുകളിൽനിന്നു പക്ഷിയുടെ രക്തവും തൂവലും കണ്ടെത്തിയിരുന്നു.
പക്ഷികളെ മുൻകൂർ കണ്ടെത്തി എയർ ട്രാഫിക് കൺട്രോളർമാർക്കു വിവരം നല്കാനുള്ള പദ്ധതി രാജ്യത്തൊട്ടാകെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ദക്ഷിണകൊറിയൻ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞവർഷം ഡിസംബർ 29ന് ബാങ്കോക്കിൽനിന്നു വന്ന യാത്രാവിമാനം തെക്കുപടിഞ്ഞാറൻ നഗരമായ മുവാനിൽ ഇറങ്ങവേ തകർന്നു തീപിടിക്കുകയായിരുന്നു.