മാർക്കോ റൂബിയോ പശ്ചിമേഷ്യാ പര്യടനത്തിന്
Saturday, February 8, 2025 12:22 AM IST
വാഷിംഗ്ടൺ ഡിസി: പലസ്തീനികളെ ഗാസയിൽനിന്നു പുറത്താക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ നിർദേശം വിവാദമായിരിക്കേ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പശ്ചിമേഷ്യാ പര്യടനത്തിനൊരുങ്ങുന്നു.
അടുത്തയാഴ്ച മുതൽ അദ്ദേഹം ഇസ്രയേൽ, യുഎഇ, ഖത്തർ, സൗദി രാജ്യങ്ങൾ സന്ദർശിക്കും. ഗാസയും ട്രംപിന്റെ വിവാദ നിർദേശങ്ങളുമായിരിക്കും ചർച്ചാവിഷയമെന്നു സൂചനയുണ്ട്.
ഗാസയിലെ പലസ്തീനികളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നാണു ട്രംപിന്റെ നിലപാട്.ഗാസയെ അമേരിക്ക ഏറ്റെടുത്ത് കടൽത്തീര സുഖവാസകേന്ദ്രമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതു വിവാദമായതോടെ, ഗാസയുടെ പുനരുദ്ധാരണകാലത്ത് പലസ്തീനികളെ താത്കാലികമായി മാറ്റിപ്പാർപ്പിക്കുന്നതിനെക്കുറിച്ചാണ് ട്രംപ് ഉദ്ദേശിച്ചതെന്ന് റൂബിയോ വിശദീകരിച്ചിരുന്നു.