യുക്രെയ്ൻ യുദ്ധം: പുടിനുമായി ഫോണിൽ ചർച്ച നടത്തിയെന്ന് ട്രംപ്
Monday, February 10, 2025 12:40 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ ചർച്ച നടത്തിയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ജനങ്ങൾ കൊല്ലപ്പെടുന്നത് അവസാനിപ്പിക്കാൻ പുടിൻ ആഗ്രഹിക്കുന്നു. പുടിനുമായി നല്ല ബന്ധത്തിലാണെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള വ്യക്തമായ പദ്ധതി തനിക്കുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ട്രംപ് തയാറായില്ല.
യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് അമേരിക്കയും റഷ്യയും തമ്മിൽ പലവിധ ചർച്ചകൾ നടക്കുന്നതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു.
അധികാരത്തിലേറിയാൽ ഒറ്റ ദിവസംകൊണ്ട് യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വാഗ്ദാനം ചെയ്തിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതി യുക്രെയ്ൻ കാര്യങ്ങൾക്കുള്ള അമേരിക്കൻ പ്രതിനിധി കീത്ത് കെല്ലോഗ് വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയുണ്ട്.
ട്രംപും പുടിനും നേരിട്ടു ചർച്ച നടത്താനുള്ള സാധ്യതയും തെളിയുന്നുണ്ട്. സൗദിയിലോ യുഎഇയിലോ വച്ചായിരിക്കാം കൂടിക്കാഴ്ചയെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വരുംദിവസങ്ങളിൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമെന്നു ട്രംപ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ചെലവേറിയ യുദ്ധം അവസാനിപ്പിക്കാൻ പുടിന് ആഗ്രഹമുണ്ടെങ്കിലും അദ്ദേഹം വിട്ടുവീഴ്ചയ്ക്കു തയാറാകുമെന്ന സൂചനയില്ല. യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ പുടിൻ തയാറാകില്ല. ഈ പ്രദേശങ്ങളിൽനിന്നു യുക്രെയ്ൻ സേന പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടേക്കും. അതോടൊപ്പം യുക്രെയ്ന്റെ നാറ്റോ മോഹങ്ങൾ അവസാനിപ്പിക്കണമെന്ന ഉപാധിയും വച്ചേക്കും.