പാഴ്ചെലവ്; പെന്നി വേണ്ടെന്ന് ട്രംപ്
Tuesday, February 11, 2025 3:03 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ചില്ലറ നാണയമായ പെന്നിയുടെ നിർമാണം നിർത്താൻ പ്രസിഡന്റ് ട്രംപ് ട്രഷറി വകുപ്പിനു നിർദേശം നല്കി. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണിത്.
ഡോളറിന്റെ നൂറിലൊന്നു വരുന്ന ഒരു സെന്റിന്റെ നാണയമാണ് പെന്നി എന്നറിയപ്പെടുന്നത്. ഒരു പെന്നി നിർമിക്കാൻ രണ്ടു സെന്റാണ് ഇപ്പോഴത്തെ ചെലവ്. ഇത് വലിയ പാഴ്ച്ചെലവാണെന്ന് ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ ഉത്തരവിന് കോൺഗ്രസ് അംഗീകാരം നല്കേണ്ടതുണ്ട്. പെന്നി ഉത്പാദനം നിർത്തലാക്കാനായി മുന്പ് കൊണ്ടുവന്ന ബില്ലുകളെല്ലാം കോൺഗ്രസിൽ പരാജയപ്പെട്ടിരുന്നു.