വ്യാപാരയുദ്ധം മുറുകുന്നു ; യുഎസ് ഉത്പന്നങ്ങള്ക്ക്തീരുവ ചുമത്തി ചൈന
Wednesday, February 5, 2025 4:19 AM IST
ബെയ്ജിംഗ്: യുഎസില്‍ ഡോണള്‍ഡ് ട്രംപ് തുടക്കമിട്ട വ്യാപാരയുദ്ധത്തിനു പ്രതികരണവുമായി ചൈന. യുഎസില്‍നിന്നുള്ള കല്‍ക്കരി, പ്രകൃതിവാതകം എന്നിവയ്ക്കു 15 ശതമാനവും ക്രൂഡ് ഓയില്‍ മുതലുള്ള ഏതാനും ഉത്പന്നങ്ങൾക്ക് പത്ത് ശതമാനവും തീരുവ ചുമത്തിയ ചൈന, ആഗോള ടെക് ഭീമനായ ഗൂഗിളിനെതിരേ അന്വേഷണവും പ്രഖ്യാപിച്ചു.
കാര്‍ഷിക യന്ത്രങ്ങള്‍ക്കും ഉയര്‍ന്ന ശേഷിയുള്ള ഏതാനും വിഭാഗം കാറുകൾക്കും പത്തുശതമാനം ചുങ്കം ചുമത്തിയിട്ടുണ്ട്. ചുങ്കം ചുമത്തുന്നതിനെ നേരിടുമെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും ഗൂഗിളിനെതിരേയുള്ള നീക്കം തീര്‍ത്തും അപ്രതീക്ഷിതമാണ്.
ചൈനയുടെ കുത്തക വിരുദ്ധ നിയമം ഗുഗിള്‍ ലംഘിക്കുന്നതായി സംശയിക്കുകയാണെന്ന് ആരോപിച്ചാണ് അന്വേഷണം. ഗൂഗിളിന് വിലക്കേര്‍പ്പെടുത്തിയതോടെ ഒട്ടേറെ കന്പനികളാണു പ്രതിസന്ധിയിലായത്. വിവിധതരം ഇടപാടുകളും ഇതോടെ തടസപ്പെട്ടു.
ചുങ്കം ചുമത്താനുള്ള അമേരിക്കൻ തീരുമാനം ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന് ചൈനീസ് ധനകാര്യമന്ത്രാലയം ആരോപിച്ചു.
പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തങ്ങൾ നിർബന്ധിതരാവുകയായിരുന്നുവെന്ന് ചൈനയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി ഫു കോംഗ് പറഞ്ഞു. വ്യാപാരയുദ്ധത്തില്‍ ജേതാവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനയ്ക്കെതിരേ കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുഎസ് ഭരണകൂടം ചുങ്കം ചുമത്തിയത്. അതേസമയം ഏതാനും ആഴ്ചകൾക്കുള്ളിൽ ചൈനയുമായി ചർച്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
മെക്സിക്കോയ്ക്കും കാനഡയ്ക്കും ചുങ്കം ചുമത്താനുള്ള തീരുമാനം മരവിപ്പിച്ചുവെങ്കിലും ചൈനയുടെ കാര്യത്തിൽ യുഎസ് ഭരണകൂടം മൗനംപാലിക്കുകയാണ്.
2018ലും ട്രംപ് ചൈനക്കെതിരേ വ്യാപാരയുദ്ധം പ്രഖ്യാപിച്ചിരുന്നു. രണ്ടുവർഷത്തിനുശേഷം ഒത്തുതീര്‍പ്പിന് ചൈന തയാറായെങ്കിലും കോവിഡിനെത്തുടര്‍ന്ന് ഇതിനായുള്ള ശ്രമങ്ങൾ അവതാളത്തിലായി. ചൈനീസ് വിപണിക്ക് ഇതുമൂലം കനത്തനഷ്ടം ഉണ്ടാവുകയും ചെയ്തു.